സ്‌കൂളുകള്‍ക്ക് ഇനി പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം; 3000 കോടിയുടെ സാമ്പത്തിക ലാഭമെന്ന് കൈറ്റ്
Details Story
സ്‌കൂളുകള്‍ക്ക് ഇനി പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം; 3000 കോടിയുടെ സാമ്പത്തിക ലാഭമെന്ന് കൈറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 4:56 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറായി. സ്വകാര്യ കമ്പനികളുടെ സോഫ്റ്റ് വെയറിന് പകരം സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എല്‍.ടി.എസ് പതിപ്പ് അടിസ്ഥാനമാക്കിയാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയിട്ടുള്ളത്.

‘ഐ ടി @സ്‌കൂള്‍ ഗ്നു/ലിനക്‌സ് 18.04’ എന്ന പേരില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ആണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.

പ്രൈമറി ക്ലാസുകളില്‍ പഠനം എളുപ്പമാക്കാനുള്ള ഗെയിമുകള്‍ മുതല്‍ ഹയര്‍സെക്കണ്ടറിയില്‍ പ്രോഗ്രാമിങ്ങ് പഠനത്തിനാവശ്യമായ പ്രോഗ്രാമിംഗ് ഭാഷകളും ഐ ഡി ഇ കളും ഓ.എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് എല്ലാ സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം എന്നനിലയില്‍ മാത്രമല്ല, വീടുകളിലെ കംപ്യൂട്ടറുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍, ഓഫീസ് സോഫറ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഡി.ടി.പി സെന്ററുകള്‍, ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍, സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍, കോളേജ് വിദ്യാര്‍ഥികള്‍, മറ്റു കമ്പ്യൂട്ടര്‍ സേവനദാതാക്കള്‍ തുടങ്ങിയവര്‍ക്കും സമ്പൂര്‍ണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായി സൗജന്യമായി ഉപയോഗിക്കാം.

ഉബുണ്ടു 18.04 റെപ്പോസിറ്ററിയില്‍ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫറ്റുവെയറുകളും പുതിയ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്‌വെയറുകളും ഏറ്റവും പുതിയ വേര്‍ഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യുകയും സ്‌കൂള്‍ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും സാധ്യമാണ്.

കഴിഞ്ഞ 12 വര്‍ഷമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെയാണ് സ്‌കൂളുകളില്‍ ഉപയോഗിക്കുന്നതെന്നും ഉബുണ്ടുവിന്റെ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോള്‍ ഇറക്കിയതെന്നും അധ്യാപകനും കൈറ്റിലെ സോഫറ്റ്‌വെയര്‍ കോര്‍ഡിനേറ്ററുമായ വി.കെ ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”നേരത്തെ ഹൈസ്‌കൂളുകളിലായിരുന്നു പ്രധാനമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അത് 12 ാം ക്ലാസ് വരെ പൂര്‍ണമായും ഐ.ടി പഠനവും ഐ.ടി അധിഷ്ഠിത പഠനവും ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അടിസ്ഥാനപ്പെടുത്തിയാണ് നടക്കുന്നത്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ കോടിക്കണക്കിന് രൂപ സോഫ്റ്റ്‌വെയറിന് തന്നെ കൊടുക്കേണ്ടി വരും. അത്രയും വലിയ തുകയാണ് ഇതിലൂടെ ലാഭിക്കുന്നത്. സാധാരണ ആളുകള്‍ പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറിന്റെ പൈറേറ്റഡ് കോപ്പി വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത്തരത്തില്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ പറ്റില്ല. ലീഗലായി ഉപയോഗിക്കാനാണെങ്കില്‍ ഓരോ സോഫ്റ്റ് വെയറും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകുമ്പോള്‍ നമുക്കത് കരിക്കുലം അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും. അധ്യാപകര്‍ക്ക് ഇപ്പോള്‍ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ വിഷയങ്ങളും ഐ.ടി അധിഷ്ഠിതമായി പഠിപ്പിക്കാനുള്ള പരിശീലനം നടക്കുന്നുണ്ട്”- അദ്ദേഹം പറഞ്ഞു.

മലയാളം കംപ്യൂട്ടിങ്ങിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരമുണ്ട്. സ്‌കൂള്‍ ഐ.സി.ടി പാഠപുസ്തകങ്ങളില്‍ നിര്‍ദേശിക്കുന്ന സോഫ്റ്റുവെയറുകളെ കൂടാതെ പൊതു ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന സോഫ്റ്റുവെയറുകളുടെ ബൃഹത്തായ ശേഖരവുമുണ്ട്.

ഓഫീസ് പാക്കേജുകള്‍, ഭാഷാ ഇന്‍പുട്ട് ടൂളുകള്‍, ഡാറ്റാ ബേസ് ആപ്ലിക്കേഷനുകള്‍, ഡി.ടി.പി -ഗ്രാഫിക്സ്- ഇമേജ് എഡിറ്റിങ് സോഫ്റ്റുവെയറുകള്‍, സൗണ്ട് റെക്കോഡിങ് -വീഡിയോ എഡിറ്റിങ് -ത്രീഡി അനിമേഷന്‍ പാക്കേജുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഡാറ്റാ ബേസ് സര്‍വറുകള്‍, മൊബൈല്‍ ആപ്പുകളുടെ ഡെസ്‌ക് ടോപ് വേര്‍ഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഷയങ്ങള്‍ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്‌റ്റ്വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്‌മോള്‍, ജി പ്ലെയ്റ്റ്സ്, ഗെമിക്കല്‍, ജികോംപ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷന്‍ ലാബ് തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്സ്, സമഗ്ര പോര്‍ട്ടല്‍, സ്‌കൂള്‍ വിക്കി സൈറ്റുകളിലേക്ക് നേരിട്ടു പ്രവേശിക്കാം.

ഇതെല്ലാം ഉടമസ്ഥാവകാശമുള്ള (പ്രൊപ്രൈറ്ററി) ആപ്ലിക്കേഷനുകളാണെങ്കില്‍ കംപ്യൂട്ടര്‍ ഒന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടിവരുമായിരുന്നു. അപ്ഡേഷനുകള്‍ക്കായി അധിക ചെലവുമായേനെ. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ജൂണില്‍ വിന്യസിക്കുന്ന 55,000 ലാപ്‌ടോപ്പുകളിലും ഉള്‍പ്പെടെ സ്‌കൂളുകള്‍ക്കുള്ള രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിന്യാസം പുതിയ അധ്യയനവര്‍ഷത്തിനു മുമ്പുതന്നെ പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളില്‍ ഒന്നരലക്ഷം രൂപ കണക്കാക്കി 3000 കോടി രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴി ലഭിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറില്‍ പഠനവും പരിശീലനവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവുണ്ട്. https://kite.kerala.gov.in -> Services-> Downloads വെബ്സൈറ്റില്‍നിന്നും ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം. ലിറ്റില്‍ കൈറ്റ്സിന്റെ നേതൃത്വത്തില്‍ പുതിയ സിസ്റ്റത്തിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റുകളും സംഘടിപ്പിക്കും.

കൈറ്റിലെ അധ്യാപകര്‍ കൂടിയായ മാസ്റ്റര്‍ ട്രെയിനര്‍മാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങിയ ഇന്‍ഹൗസ് ടീമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. 72,000 അധ്യാപകര്‍ പുതിയ സോഫ്റ്റ് വെയറില്‍ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കി. കൈറ്റ് വെബ്സൈറ്റ് വഴി ഓഎസ് ഡൗണ്‍ലോഡ് ചെയ്യാം.

2005ലാണ് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ കേരളം ആദ്യമായി സ്വന്തം ഓഎസ് തയ്യാറാക്കിയത്. 2007ല്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫറ്റുവെയറിലേക്ക് മാറാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും ഉബുണ്ടു അധിഷ്ഠിത ഓഎസ് തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു. ഇടക്കാലത്ത് വച്ച് മന്ദഗതിയിലായ പദ്ധതി ഇപ്പോള്‍ വീണ്ടും തിരച്ചു വരികയാണ്.