|

ഒറ്റ ഫ്രീകിക്കില്‍ താരമായ ഫിദ ഫാത്തിമക്ക് ഖത്തര്‍ ലോകകപ്പ് കാണാന്‍ വിളി

സ്പോര്‍ട്സ് ഡെസ്‌ക്

മലപ്പുറം: സ്‌കൂളില്‍ നടന്ന പെണ്‍കുട്ടികളുടെ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഫ്രീകിക്കെടുത്ത് താരമായി മാറിയിരിക്കുകയാണ് മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനി ഫിദ ഫാത്തിമ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരത്തിലെ ഫിദ ഫാത്തിമയുടെ ഫ്രീകിക്കിക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നു.

ഫിദ ഫാത്തിമക്ക് ഖത്തര്‍ ലോകകപ്പ് കാണാന്‍ അവസരം ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന്. ഫിദയുടെ ഇഷ്ട താരമായ റോണോള്‍ഡോയുടെ കളികാണാനാണ് അവസരമൊരുങ്ങുന്നത്.

ലോകകപ്പില്‍ പോര്‍ച്ചുഗല്‍-ഉറുഗ്വായ് മത്സരത്തിനുള്ള മാച്ച് ടിക്കറ്റും ഖത്തറിലേക്കുള്ള വിമാന യാത്രാ ടിക്കറ്റും വാഗ്ദാനം ചെയ്തുകൊണ്ട് ദോഹയിലെ ഗോ മുസാഫര്‍ ട്രാവല്‍സ് ഉടമ ഫിറോസ് നാട്ടു ആണ് രംഗത്തെത്തിയത്. മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നവംബര്‍ 28ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റാണ് ഫിദക്കായി ഉറപ്പിച്ചത്. ബുധനാഴ്ച ദോഹയില്‍ നിന്ന് ഫിദയെയും മാതാപിതാക്കളെയും വിളിച്ച് സംസാരിച്ച ഫിറോസ് നാട്ടു, ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് കുടുംബത്തിന് രേഖാമൂലം തന്നെ ഉറപ്പുനല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരൂര്‍ക്കാട് എ.എം.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫിദ. തിരൂര്‍ക്കാട് എ.എം. എച്ച്.എസ്. സ്‌കൂളില്‍ ഈ വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫുട്ബോള്‍ പരിശീലനം ആരംഭിച്ചത്.

കായിക അധ്യാപകരായ സി.എച്ച് ജാഫര്‍, ഷമീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കിവരുന്നത്.

CONTENT HIGHLIGHTS: Free kick star  Fathima Fidha is invited to watch the World Cup in Qatar