| Saturday, 4th December 2021, 11:33 am

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് ആറുമാസത്തേക്ക് വൈദ്യുതി സൗജന്യം; പുതിയ പദ്ധതിയുമായി കെ.എസ്.ഇ.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയൊരുക്കി കെ.എസ്.ഇ.ബി. എയര്‍ ബെഡ്, സാക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയവയ്ക്കുള്ള വൈദ്യൂതിയാണ് കെ.എസ്.ഇ.ബി സൗജന്യമായി നല്‍കുന്നത്.

വീടുകളിലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുവേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായിരിക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ആനുകൂല്യം ലഭിക്കണമെങ്കില്‍ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് അപേക്ഷ നല്‍കണം. രോഗിക്ക് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പ്രസ്തുത വൈദ്യുത ഉപകരണത്തിന്റെ സഹായം ആവശ്യമാണെന്ന് ഒരു ഗവണ്‍മെന്റ് ഡോക്ടറുടെ സാക്ഷ്യപത്രം അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

200 രൂപ മുദ്രപത്രത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. തുടര്‍ന്ന് പ്രസ്തുത വൈദ്യുത ഉപകരണത്തിന് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് എഞ്ചിനീയര്‍ കണക്കാക്കും.

നിലവില്‍ ആറ് മാസത്തേക്കാണ് ഇളവ് അനുവദിക്കുന്നത്. ആറുമാസത്തിന് ശേഷം ജീവന്‍രക്ഷാ ഉപകരണത്തിന്റെ സഹായം അസിസ്റ്റന്റ് എഞ്ചിനീയറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Free electricity for life-saving equipment for six months

We use cookies to give you the best possible experience. Learn more