നഴ്‌സറി മുതല്‍ പി.എച്ച്.ഡി വരെ പെണ്‍കുട്ടികള്‍ക്ക് ഇനി പഠനം സൗജന്യം; ചരിത്രപരമായ തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍
India
നഴ്‌സറി മുതല്‍ പി.എച്ച്.ഡി വരെ പെണ്‍കുട്ടികള്‍ക്ക് ഇനി പഠനം സൗജന്യം; ചരിത്രപരമായ തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2017, 7:13 pm

 

ചണ്ഡീഗഢ്: ചരിത്രപരമായ തീരുമാനവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ക്ക് ഴ്‌സറി മുതല്‍ പി.എച്ച്.ഡി വരെയുള്ള പഠനം സൗജന്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലുമാണ് പഠനം സൗജന്യമായിരിക്കുക.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. അടുത്ത അക്കാദമിക സെഷന്‍ മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ പുസ്തകങ്ങള്‍ ഓണ്‍ലൈനായും ലഭ്യമാക്കുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.


Also Read: പുതുവൈപ്പ്; പൊലീസ് നടപടിയെ ന്യായീകരിച്ച് കോടിയേരി; പ്രധാനമന്ത്രി വരുന്ന ദിവസം സമരം നടത്തിയത് തെറ്റെന്നും കോടിയേരി


എല്‍.കെ.ജി-നഴ്‌സറി ക്ലാസുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അടുത്ത വര്‍ഷം മുതല്‍ തിരിച്ച് കൊണ്ടുവരും. 13,000 സര്‍ക്കാര്‍ സ്‌കൂളുകളിലും 48 സര്‍ക്കാര്‍ കോളേജുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വേളയില്‍ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍രെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

2011-ലെ സെന്‍സസ് പ്രകാരം പഞ്ചാബിലെ സാക്ഷരതാ നിരക്ക് 75.84 ശതമാനമാണ്. ദേശീയ ശരാശരിയായ 73.00 ശതമാനത്തേക്കാള്‍ ഭേദമാണ് ഇത്. പഞ്ചാബിലെ പുരുഷന്‍മാരുടെ സാക്ഷരതാ നിരക്ക് 80.44 ശതമാനവും സ്ത്രീകളുടേത് 70.73 ശതമാനവുമാണ്.


Don”t Miss: ‘ഹിന്ദു മുസ്‌ലിം പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലൂടെയല്ലാതെ പരിഹരിക്കാനാവില്ല’; ശ്യാമ പ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ത്രിപുര ഗവര്‍ണര്‍: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ


സംസ്ഥാനത്ത് പുതിയ ലോക്പാല്‍ ബില്‍ ഉടന്‍ കൊണ്ടുവരുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. മന്ത്രിമാര്‍ മാത്രമല്ല, ബ്യൂറോക്രാറ്റുകളെ കൂടി ഉള്‍പ്പെടുത്തിയുള്ളതായിരിക്കും ലോക്പാല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.