ന്യൂദൽഹി: ഫെബ്രുവരി അഞ്ചിന് നടക്കുന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് സൗജന്യ ബസുകൾ, ദൽഹി മെട്രോയിൽ 50 ശതമാനം കിഴിവ് തുടങ്ങിയ 15 ഓളം വാഗ്‌ദാനങ്ങൾ അടങ്ങുന്നതാണ് പ്രകടന പത്രിക.
പ്രകടന പത്രികയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ, എ.എ.പിയുടെ വാഗ്ദാനത്തിലധിഷ്ഠിതമായ ഭരണം ബി.ജെ.പി പകർത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
‘ഞങ്ങൾ രാജ്യത്ത് ആദ്യമായി ‘ഗ്യാരൻ്റി’ എന്ന പദം ഉപയോഗിച്ചു. ഞങ്ങൾക്ക് ശേഷം, ബി.ജെ.പി അത് മോഷ്ടിച്ചു, എന്നാൽ അവിടെയുള്ള വ്യത്യാസം എന്തെന്നാൽ ഞങ്ങൾ ഞങ്ങളുടെ ഉറപ്പുകൾ നിറവേറ്റുന്നു, പക്ഷെ അവർ അത് ചെയ്യുന്നില്ല, ‘ അദ്ദേഹം പറഞ്ഞു.
15 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ പ്രധാനമായും ഉള്ളത്. തൻ്റെ ആദ്യ ഗ്യാരണ്ടിയായി കെജ്‌രിവാൾ ദൽഹി നിവാസികൾക്ക് മികച്ച തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
മഹിളാ സമ്മാൻ യോജനയ്ക്ക് കീഴിലാണ് അടുത്ത വാഗ്ദാനം വരുന്നത്. അതിൽ സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം 2,100 രൂപ ഉറപ്പ് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് സഞ്ജീവനി യോജനയുടെ കീഴിൽ സൗജന്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകും.
നാലാമത്തെ ഗ്യാരണ്ടി കുടിശ്ശികയുള്ള വാട്ടർ ബില്ലുകൾ എഴുതിത്തള്ളുമെന്നാണ്. അതേസമയം അഞ്ചാമത്തെ ഗ്യാരണ്ടി ദൽഹിയിലെ എല്ലാ വീട്ടിലും 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യും എന്നതാണ്. മലിനമായ യമുന നദി വൃത്തിയാക്കുമെന്നും ദൽഹിയിലെ റോഡുകൾ ലോകോത്തര നിലവാരമാക്കുമെന്നുമാണ് പിന്നീടുള്ള വാഗ്ദാനങ്ങൾ.
ബാബാസാഹെബ് അംബേദ്കർ സ്കോളർഷിപ്പ് യോജനയ്ക്ക് കീഴിൽ, എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാൻ എ.എ.പി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ സൗജന്യ ബസ് യാത്രയും മെട്രോ നിരക്കിൽ 50 ശതമാനം ഇളവും നൽകും.