'സിദ്ധരാമയ്യ കണ്ടക്ടറായി', കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനങ്ങള്‍ പാലിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍
national news
'സിദ്ധരാമയ്യ കണ്ടക്ടറായി', കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനങ്ങള്‍ പാലിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th June 2023, 8:04 pm

ബെംഗളൂരു: കര്‍ണാടകയില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള പദ്ധതിയായ ‘ശക്തി’യുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍.

സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന ‘ശക്തി’ പദ്ധതിയുടെ ബസുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഫ്‌ളാഗ് ഓഫ് ചെയ്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടക്ടറായാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മെജസ്റ്റിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് നിയമസഭാ മന്ദിരമായ വിധാന്‍ സൗധയിലേക്കുള്ള ബി.എം. ടി.സി. ബസിലാണ് സിദ്ധരാമയ്യ കണ്ടക്ടറായത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തിരുന്നത്. ലക്ഷ്വറി, എ.സി ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ബസുകളിലും എ.പി.എല്‍, ബി.പി. എല്‍ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായിട്ടുണ്ടാകുക.

 

 

ശക്തിയെ കൂടാതെ ബി.പി.എല്‍ കുടംബങ്ങള്‍ക്ക് ഓരോ മാസവും 10 കിലോ അരി നല്‍കുന്ന അന്ന ഭാഗ്യ, ഗൃഹനാഥകളായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഗൃഹലക്ഷ്മി, വീടുകള്‍ക്ക് 200 യുണിറ്റ് വൈദ്യുതി സൗജന്യമാക്കുന്ന ഗൃഹജ്യോതി, പഠനം കഴിഞ്ഞിറങ്ങിയ യുവതീ യുവാക്കള്‍ക്ക് ആദ്യ രണ്ട് വര്‍ഷം ഹോണറേറിയം നല്‍കുന്ന യുവനിധി എന്നിവയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍.

Content Highlight: Free bus travel for women in Karnataka, The Congress government kept its promises