2022 ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയോട് ഏറ്റുമുട്ടണമെന്ന് മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം ഫ്രെഡ്. സെമി ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പിക്കുന്നതും ലയണല്‍ മെസി കരയുന്നതും തനിക്ക് കാണണമെന്നും ഫ്രെഡ് കൂട്ടിച്ചേര്‍ത്തു.
ഇ.എസ്.പി.എന്‍ ബ്രസീലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫ്രെഡ് ഇക്കാര്യം പറഞ്ഞത്.
‘സെമി ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്നത് എനിക്ക് കാണണം. വളരെ ഡ്രമാറ്റിക്കായ, കണ്‍ഫ്യൂഷന്‍ നിറഞ്ഞതും കുഴഞ്ഞുമറിഞ്ഞതുമായ മത്സരമായിരിക്കണമത്. അതില്‍ നെയ്മര്‍ പെനാല്‍ട്ടിയടിക്കുന്നതും മെസി പൊട്ടിക്കരയുന്നതും എനിക്ക് കാണണം,’ ഫ്രെഡ് പറഞ്ഞു.
ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയ സമയങ്ങളിലെല്ലാം തന്നെ വിജയം ആര്‍ക്കും കുത്തകയാക്കി നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. 113 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 46 തവണ ബ്രസീലും 41 തവണ അര്‍ജന്റീനയും വിജയിച്ചിരുന്നു. 26 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
കോപ്പാ അമേരിക്കയുടെ ഫൈനല്‍ മത്സരത്തിലാണ് ബ്രസീലും അര്‍ജന്റീനയും അവസാനമായി ഏറ്റുമുട്ടിയത്. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കോപ്പാ ചാമ്പ്യന്‍മാരായത്.
എന്നാല്‍ ഡിസംബര്‍ ഒമ്പത്, പത്ത് തീയതികളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇരുവരും വിജയിച്ചാല്‍ മാത്രമേ ഫ്രെഡ് ആഗ്രഹിച്ച പോലെ ഇരു ടീമുകളും സെമി ഫൈനലില്‍ ഏറ്റുമുട്ടുകയുള്ളൂ.
കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന് നേരിടാനുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.
2010 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ നെതര്‍ലന്‍ഡ്‌സിനെയാണ് അര്‍ജന്റീനക്ക് നേരിടാനുള്ളത്. 2014 ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനെത്തുന്ന നെതര്‍ലന്‍ഡ്‌സിനെ തോല്‍പിക്കാന്‍ തന്നെയാവും മെസിയും സംഘവും ഒരുങ്ങുന്നത്.