| Wednesday, 10th August 2022, 8:46 am

കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; മുക്കം സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്‌സൈറ്റും ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നതായി പരാതി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി സ്വദേശി ഷിജിക്കാണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കാന്‍ ഒരു നമ്പറില്‍ വിളിക്കണമെന്നും കാണിച്ച് മെസേജ് എത്തിയത്.

വൈദ്യുതി ബില്ല് അടച്ചില്ലെന്നും പണമടക്കുകയോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ലിങ്ക് ചെയ്യുകയോ വേണം അല്ലാത്തപക്ഷം കണക്ഷന്‍ വിച്ഛേദിക്കും എന്ന തരത്തില്‍ എസ്.എം.എസ്, വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. സന്ദേശത്തിലുള്ള ലിങ്ക് തുറന്നാല്‍ ചെന്നെത്തുക കെ.എസ്.ഇ.ബി വെബ്‌സൈറ്റിലാണ്.

സന്ദേശം വന്നതിനെത്തുടര്‍ന്ന് ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു, എന്നാല്‍ ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ഷിജിയോട് ആവശ്യപ്പെട്ടു. പണം നല്‍കിയതോടെ ഫോണിലേക്ക് വന്ന ഒ.ടി.പി ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരുകയും ഒ.ടി.പി നല്‍കുകയും ചെയ്തു.

പിന്നീട് തുടരെ തുടരെ തന്റെ നമ്പറിലേക്ക് സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് 3500 രൂപ നഷ്ടപ്പെട്ടതായി മനസിലായത്.

തുടര്‍ന്ന് ഷിജി മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, നേരത്തെ ഇംഗ്ലീഷില്‍ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും അയച്ചാണ് തട്ടിപ്പ് വ്യാപകമാക്കിയിട്ടുള്ളത്. സന്ദേശത്തില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഒരാള്‍ ഫോണ്‍ എടുത്ത് നിര്‍ദേശങ്ങള്‍ നല്‍കുന്നു.

പിന്നീട് ടീം വ്യൂവര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യും. ഇത്തരം ആപ്ലിക്കേഷനുകളിലൂടെയാണ് പിന്നീട് തട്ടിപ്പ് നടക്കുന്നത്.

Content Highlight: Fraud message on the name of KSEB Bill; Money lost

We use cookies to give you the best possible experience. Learn more