തിരുവന്തപുരം: റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളിലൂടെ സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജിയില്‍ കേരളാ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
വിദേശത്ത് വ്യാജ ജോലി വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ഈ വിഷയത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പിന്നാലെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് നടന്ന ഹിയറിങ്ങിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നടപടി.
നിലവിലുള്ള കേരള പൊലീസിന്റെ എന്‍.ആര്‍.ഐ സെല്‍ ശക്തമാക്കുന്നതിനോടൊപ്പം എന്‍.ആര്‍. ഐ സെല്ലിന് മാത്രമായി പ്രത്യേക സൈബര്‍ സെല്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായും തുടര്‍ന്ന് നിയമവിരുദ്ധ റിക്രൂട്ട്മെന്റ് ഏജന്‍സികളെ പിടികൂടുന്നതില്‍ പൊലീസ്, നിയമവിദഗ്ധര്‍, നോര്‍ക്ക റൂട്ട്സ് എന്നിവരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാവുമെന്നും ഉത്തരവിലുണ്ട്.
പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ ജോലി തട്ടിപ്പുകള്‍ തടയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിനോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതായും നിര്‍ദ്ദേശങ്ങള്‍ നോര്‍ക്ക റൂട്‌സിന്റെയും പ്രവാസി ക്ഷേമനിധിയുടെയും വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സി.ഇ.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിയതായും ഉത്തരവില്‍ പറയുന്നു.
ഉദ്യോഗാര്‍ഥികളെയും വിദ്യാര്‍ത്ഥികളെയും വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ നിയമവകുപ്പിനോടും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട സംശയാസ്പദമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളോടും ആവശ്യപ്പെട്ടതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ സാധ്യതകളെപ്പറ്റി ആരായാന്‍ സംസ്ഥാനത്തെ പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടതായും ഉത്തരവില്‍ പറയുന്നുണ്ട്.
Content Highlight: Fraud by offering jobs abroad; The government will take strict action