ഒരു ഫോണ്‍ നമ്പര്‍, ഒരു അഡ്രസ്, ഒരു ഫോം, പട്ടികയില്‍ പങ്കെടുക്കാത്തവരും; കുംഭ മേളയില്‍ പങ്കെടുക്കാന്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിങ്ങനെ
Kumbh Mela 2021
ഒരു ഫോണ്‍ നമ്പര്‍, ഒരു അഡ്രസ്, ഒരു ഫോം, പട്ടികയില്‍ പങ്കെടുക്കാത്തവരും; കുംഭ മേളയില്‍ പങ്കെടുക്കാന്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th August 2021, 11:25 am

ന്യൂദല്‍ഹി: കുംഭ മേളയില്‍ പങ്കെടുക്കാന്‍ വേണ്ടി വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിനല്‍കിയ ലാബുകളുടെ കൂടുതല്‍ തട്ടിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കൊവിഡ് ടെസ്റ്റിംഗ് റെക്കോര്‍ഡില്‍ ഈ ലാബുകള്‍ രേഖപ്പെടുത്തിയ ചില പേരുകള്‍ കുംഭമേളയില്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവരുടേതാണെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.

ഈ ലാബുകള്‍ എങ്ങനെയാണ് തട്ടിപ്പ് നടത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി ഒന്നിലധികം ആളുകള്‍ക്ക് ഒരൊറ്റ മൊബൈല്‍ നമ്പറും വിലാസവും ഫോമുമാണ് ലാബ് അധികൃതര്‍ ഉപയോഗിച്ചത്. ആരെയും പരിശോധിക്കാതെ കൊവിഡ് പരിശോധന നടത്തിയതായും ലാബുകള്‍ രേഖപ്പെടുത്തി.

ഉത്തരാഖണ്ഡിലെ കുംഭമേളയ്ക്കിടെ നടന്ന വ്യാജ കൊവിഡ് പരിശോധന കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ച് ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.

ലാബുകള്‍ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കുംഭമേളയില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും ആര്‍ടി-പി.സി.ആര്‍ പരിശോധനയും നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഈ ലാബുകള്‍ക്ക് കരാര്‍ നല്‍കിയിരുന്നു.

എന്നാല്‍ ലാബുകള്‍ ആവശ്യമായ പരിശോധനകള്‍ നടത്താതെ കൊവിഡ് പരിശോധനയ്ക്കായി വ്യാജ എന്‍ട്രികള്‍ രേഖപ്പെടുത്തുകയും വ്യാജ ബില്ലുകള്‍ തയ്യാറാക്കുകയും ചെയ്തെന്നാണ് ആരോപണം.

ഈ ലാബുകളുടെ തെറ്റായ നെഗറ്റീവ് പരിശോധന കാരണം, ആ സമയത്ത് ഹരിദ്വാറിലെ പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്. 5.3 ശതമാനമായിരുന്നു.

പരിശോധനയില്‍ കുറ്റകരമായ രേഖകള്‍, വ്യാജ ബില്ലുകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, സ്വത്ത് രേഖകള്‍ എന്നിവ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ലാബുകള്‍ക്ക് 3.4 കോടി രൂപ ഭാഗികമായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുംഭമേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്.

കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ നടത്തിയ കുംഭമേളയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ എത്തിയിരുന്നു.

കുംഭമേളയില്‍ പങ്കെടുത്ത നിരവധിപേര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോയ ശേഷം മാത്രമായിരുന്നു കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കൊവിഡ് വ്യാപനത്തിനിടെ കുംഭമേള നടത്താന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Fraud By Covid Labs, new information