| Wednesday, 17th January 2018, 9:37 pm

സംഘപരിവാറിന്റെ ഭ്രാതൃഹത്യകള്‍

എന്‍.കെ. ഭൂപേഷ്

ദീന്‍ ദയാല്‍ ഉപാധ്യായ, സുനില്‍ ജോഷി, ഹരേണ്‍ പാണ്ഡ്യ… പ്രവീണ്‍ തൊഗാഡിയയുടെ ഭയപ്പാടിന് കാരണങ്ങളുണ്ടോ?

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ.ഭൂപേഷ് എഴുതുന്നു.

സംഘപരിവാര്‍- ആ പേര് സൂചിപ്പിക്കുന്നതുപോലെ, നിരവധി സംഘടനകളുടെ ഒരു കുടുംബമാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിമാറ്റാന്‍ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഒരു പരിവാര്‍. ആ കുടുംബത്തിന്റെ കാരണവരായി ആര്‍.എസ്.എസ്സും. ഒരോ സംഘടനയും ഭിന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നും പ്രത്യക്ഷത്തില്‍ കാണുമ്പോള്‍. പക്ഷെ ചരിത്രത്തില്‍ നിര്‍ണായകമെന്ന് തോന്നുന്ന ഒരു ഘട്ടത്തില്‍ ഈ സംഘടനകളെല്ലാം ഒരേ താളത്തില്‍ പ്രവര്‍ത്തിക്കും.

സംഘപരിവാര്‍ സംഘടനകള്‍ ഇങ്ങനെ ഒന്നിച്ച് വളരെ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുന്നത് ഈ അടുത്ത കാലത്ത് കണ്ടത് 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. തങ്ങളുടെ നിര്‍ണായക സമയം ഇതാ സമാഗതമായിരിക്കുന്നുവെന്ന തോന്നലിലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് സംഘപരിവാര്‍ സംഘടനകള്‍ തയ്യാറാകാറുള്ളതെന്ന് വേണം കരുതാന്‍.

ഇങ്ങനെ ചരിത്രം സമാഗതമായി എന്ന തോന്നല്‍ നേരത്തെ സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ടായത് 2002 ല്‍ ഗുജറാത്തിലായിരുന്നു. നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം. ആരാണ് ചെയ്തതെന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിക്കാത്ത ഗോധ്രയില്‍ ട്രെയിനിന് തീവെച്ച സംഭവം അത്തരമൊരു അവസരമായിട്ടാണ് സംഘപരിവാര്‍ കണ്ടത്.

മുസ്‌ലീങ്ങളെ കൊന്നും ബലാത്സംഗം ചെയ്തും, അവരുടെ കടകള്‍ കൊള്ളയടിച്ചും, ആര്‍.എസ്.എസ്സ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രത്തിലേക്ക് നടന്നടുക്കാന്‍ പറ്റിയ സാഹചര്യമാണ് അതെന്നാണ് അവര്‍ വിലയിരുത്തിയത്. അങ്ങനെ ആര്‍.എസ്.എസ് അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ഏറ്റവും ഫലപ്രദമായി ഗുജറാത്തില്‍ നടത്തി. അതിന്റെ ഫലമായി ആയിരങ്ങള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ആയിരങ്ങള്‍ക്ക് തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായി. അങ്ങനെ സംഘപരിവാര്‍ ഫലപ്രദമായി അതിന്റെ രാഷ്ട്രീയം 2002 ല്‍ നിര്‍വഹിച്ചു. അന്ന് ആ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ച ആളാണ് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.

വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമെല്ലാം രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത, അങ്ങനെയുള്ള രാഷ്ട്രീയത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പ്രവീണ്‍ തൊഗാഡിയയാണ് ഇപ്പോള്‍ അയാളെ ഇല്ലാതാക്കാന്‍ ഗുജാറാത്ത് പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഗുജറാത്ത് വംശഹത്യയുടെ സമയത്തും മറ്റും ഇയാളുടെ ഉറ്റ സുഹൃത്തുക്കളായിരുന്ന നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കുമെതിരെയാണ് ആരോപണം എന്നത് വ്യക്തമാണ്. ചരിത്രത്തിന്റെ അപഹാസ്യമായ ആവര്‍ത്തനം എന്ന് പറഞ്ഞ് സാധാരണഗതിയില്‍ അവഗണിക്കാവുന്നതെയുള്ളൂ തൊഗാഡിയയെ പോലുള്ള ഒരാളുടെ പ്രസ്താവന. എന്നാല്‍ ഇവിടെ അദ്ദേഹം ആരോപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയം പങ്കിടുന്ന ഉന്നതരുടെ ഇടപെടല്‍ മൂലം ജീവന് ഭീഷണി ഉണ്ടാകുന്നുവെന്നാണ്.

സംഘപരിവാറിന്റെ ചരിത്രം അറിയുന്നവര്‍ക്ക് പക്ഷെ തൊഗാഡിയയുടെ ആരോപണം വെറുതെ തള്ളിക്കളയാന്‍ കഴിയില്ല. ദൂരൂഹ മരണങ്ങള്‍, ഉത്തരവാദിയെ കണ്ടെത്താന്‍ കഴിയാതെ പോയ കൊലപാതകങ്ങള്‍ അങ്ങനെ ചിലതുണ്ട് സംഘപരിവാറിന്റെ ചരിത്രത്തില്‍. സംഘപരിവാര്‍ നേതൃത്വത്തിന് ഒട്ടും താല്‍പര്യം ഇല്ലാതെ പോയ തങ്ങളുടെ തന്നെ നേതാക്കളുടെ കൊലപാതകങ്ങള്‍! അതും വളരെ മുതിര്‍ന്ന നേതാക്കളുടെത്. അത്തരമൊരു പാശ്ചാത്തലത്തിലാണ് തൊഗാഡിയയെ ഗൗരവത്തോടെ കേള്‍ക്കേണ്ടി വരുന്നത്. അയാള്‍ ഒരു കൊടും വര്‍ഗീയവാദിയായി തുടരുമ്പോഴും, അയാളുടെ പേടിയെ അവഗണിക്കുക വയ്യ.

ബി.ജെ.പി അഭിരമിക്കുന്ന “ഏകാത്മ മാനവദര്‍ശനം” എന്ന അവരുടെ പ്രത്യയശാസ്ത്രം രൂപകല്‍പന ചെയ്ത ആളാണ് ദീന്‍ദയാല്‍ ഉപാധ്യായ. ബി.ജെ.പിയുടെ മുന്‍ഗാമി ഭാരതീയ ജനസംഘിന്റെ സ്ഥാപകന്‍.

നരേന്ദ്ര മോദി അധികാരത്തില്‍വന്നതിന് ശേഷം ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചില കേന്ദ്ര പദ്ധതികള്‍ ദീനദയാല്‍ ഉപാധ്യയയുടെ പേരില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷെ ഇങ്ങനെ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ പക്ഷെ ഇദ്ദേഹത്തിന്റെ ദുരൂഹമരണത്തിന്റെ കാരണം തേടുന്നതില്‍ താല്‍പര്യം കാണിച്ചിട്ടില്ല. സംഘപരിവാറിന്റെ ഈ താല്‍പര്യക്കുറവ് അങ്ങേയറ്റം ദുരൂഹവും സംശയങ്ങള്‍ ജനപ്പിക്കുന്നതുമാണ്.

1968 ഫെബ്രുവരി 11 ന് പാറ്റനയിലേക്ക് ട്രെയിന്‍ കയറിയ ദീനദയാല്‍ ഉപാധ്യായ ഒരിക്കലും അവിടെ എത്തിയില്ല. അദ്ദേഹത്തിന്റെ മൃതദേഹം മുഗള്‍ സറായി എന്ന സ്റ്റേഷനു സമീപം കിടക്കുന്നതായാണ് കണ്ടത്. സംഘടനയിലെ വിഭാഗീയതയുടെ ഇരയാണ് ദീനദയാല്‍ ഉപാധ്യായ എന്ന ആരോപണം അക്കാലത്തുതന്നെയുണ്ടായിരുന്നു. സി.ബി.ഐ കേസ് അന്വേഷിച്ചെങ്കിലും ട്രെയിനിലെ കൊള്ളസംഘമാണ് ഉപാധ്യയയെ കൊലപെടുത്തിയത് എന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി അവരെ വിട്ടയക്കുകയും ചെയ്തു. പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൊല്ലപ്പെട്ടിട്ടും കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ വലിയ താല്‍പര്യം സംഘപരിവാര്‍ നേതാക്കള്‍ കാണിച്ചിരുന്നില്ല.

ജനതാ ഭരണകാലത്ത് ജസ്റ്റീസ് വൈ.വി ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണകമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. സുബ്രഹ്മണ്യ സ്വാമിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍ കമ്മീഷനും കാര്യമായ കണ്ടെത്തലുകള്‍ നടത്തിയില്ല.

ജനസംഘിന്റെ നേതാവും ഉപാധ്യയയുടെ അടുത്ത സുഹൃത്തുമായ ബല്‍രാജ് മധോക്ക് കുറ്റപ്പെടുത്തുന്നത് അടല്‍ ബിഹാരി വാജ്പേയിയെ ആണ്. കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത് അടല്‍ ബിഹാരി വാജ്പേയിയെ ആയിരുന്നുവെന്നും അദ്ദേഹം വേണ്ട രീതിയില്‍ അത് ചെയ്തില്ലെന്നുമാണ് മധോക്ക് ആരോപിക്കുന്നത്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ദീനദയാല്‍ ഉപാധ്യായ, വാജ്പേയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ലെന്ന ആരോപണവും സജീവമായിരുന്നു. നാനാജി ദേശ്മുഖിനെയും ബല്‍രാജ് മധോക്കിനെയും പോലുള്ളവര്‍ സി.ബി.ഐ യുടെയോ കമ്മീഷന്റയോ നിഗമനങ്ങള്‍ സ്വീകരിച്ചിരുന്നില്ലെന്നുമാണ് അന്നത്തെ പ്രതികരണങ്ങളില്‍ തെളിയുന്നത്. ഇക്കാര്യങ്ങള്‍ ബല്‍രാജ് മാധോക്ക് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.

അതായത് അന്നത്തെ ഒരു പ്രബല വിഭാഗത്തിന് ദീനദയാല്‍ ഉപാധ്യയോട് കാര്യമായ വിയോജിപ്പുകള്‍ ഉള്ള സമയത്താണ് അദ്ദേഹം ദുരൂഹമായി മരിക്കുന്നത്. അതിന്റെ കാരണങ്ങള്‍ പക്ഷെ ഇപ്പോഴും അവ്യക്തം. കാരണമറിയാന്‍ സംഘപരിവാറിനും താല്‍പര്യമില്ല. അതാണ് ഇതിനെ കൂടുതല്‍ സങ്കീര്‍ണവും ദൂരൂഹവുമാക്കുന്നത്.

ഉപാധ്യയുടെ മരണത്തിന് പിന്നില്‍ എന്തെന്നും ആരെന്നുമുള്ള അത്ര ദൂരൂഹത പക്ഷെ, സുനില്‍ ജോഷിയുടെയും ഹരേന്‍ പാണ്ഡ്യയുടെയും കാര്യത്തില്‍ ഇല്ല. അങ്ങനെ പറയാന്‍ കാരണം സുനില്‍ ജോഷിയെന്ന, നിരവധി ഭീകരാക്രമണ കേസില്‍ പ്രതിയായ ആള്‍ നിയമത്തിനു മുന്നില്‍ വന്നാല്‍ അത് ആരെയൊക്കെയാണ് ബാധിക്കുകയെന്നത് വ്യക്തമാണ് എന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നിലെ താല്‍പര്യവും വ്യക്തമാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാകട്ടെ പ്രഗ്യാസിംങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ഭീകരാക്രമണ കേസിലെ കുറ്റാരോപിതര്‍.

ഹരേന്‍ പാണ്ഡ്യ

2007 ഡിസംബര്‍ 29 നായിരുന്നു സുനില്‍ ജോഷി കൊല്ലപ്പെട്ടത്. നിരവധി ഹിന്ദുത്വ ഭീകരാക്രമണ കേസുകളുടെ ആസൂത്രകനായി കരുതിയിരുന്ന ഇയാളെ ആ സമയത്ത് ഒരു കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് തിരയുകയായിരുന്നു. ഹിന്ദുത്വ ഭീകരാക്രമണകേസുകളില്‍ പ്രതിയായ പ്രഗ്യാസിംങിന്റെ അടുത്ത ആളായിരുന്നു ഒരു കാലത്ത് സുനില്‍ ജോഷി. എന്നാല്‍ പിന്നീട് പ്രഗ്യാ സിംങ് ഉള്‍പ്പെടെയുള്ളവര്‍ ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായെന്നത് സംഘപരിവാറിനകത്തെ വിചിത്രമായ വ്യക്തി ബന്ധങ്ങളുടെ കൂടി സൂചനയായിരിക്കാം.

പൊലീസും എന്‍.ഐ.എയും അന്വേഷിച്ച കേസില്‍ പിന്നീട് പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇരു ഏജന്‍സികളുടെയും അന്വേഷണത്തിലെ വൈരുദ്ധ്യങ്ങള്‍ കോടതി തന്നെ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം എന്‍.ഐ.എയ്ക്ക് ഹിന്ദുത്വവാദികള്‍ ഉള്‍പ്പെട്ട ഭീകരാക്രമണകേസുകളില്‍ താല്‍പര്യം നശിച്ചതുപോലെ, സുനില്‍ ജോഷിയുടെ ഘാതകരെ കണ്ടെത്തുന്നതിലും താല്‍പര്യം ഇല്ലാതായി. തങ്ങളുടെ പ്രധാന നേതാവ് ആരാല്‍ കൊല്ലപ്പെട്ടുവെന്ന ചോദ്യം ഒരു ആര്‍.എസ്.എസ്സുകാരനും ചോദിച്ചതായും കണ്ടില്ല.

സുനില്‍ ജോഷി, പ്രഗ്യാ സിംങ്

ഇതില്‍നിന്നും കുറച്ചുകൂടി വ്യത്യസ്തമാണ് ഹരേണ്‍ പാണ്ഡെയുടെ കഥ. ബിഗ്ബ്രദറിന്റെ നോട്ടപ്പുള്ളിയായാല്‍ പിന്നെ ജീവിതമില്ലെന്ന മുന്നറിയിപ്പാണ് യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡെയുടെ കൊലപാതകം വ്യക്തമാക്കുന്നത്. 2002 ല്‍ ഗോധ്രയില്‍ ട്രെയിനില്‍ വെന്തുമരിച്ച കര്‍സേവകരുടെ മൃതശരീരങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കരുതെന്ന് നരേന്ദ്രമോദിയുടെ ക്യാബിനറ്റ് യോഗത്തില്‍ പറഞ്ഞ മന്ത്രിയായിരുന്നത്രെ ഹരേണ്‍ പാണ്ഡെ.

സ്വാഭാവികമായും അദ്ദേഹം അമിത് ഷായുടെയും മോദിയുടെയും എതിര്‍പക്ഷത്തായി. മോദി ക്യാബിനറ്റില്‍ റവന്യു മന്ത്രിയായിരുന്ന പാണ്ഡെയാണ്, കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്കിനെ പറ്റി ആദ്യമായി സൂചന നല്‍കുന്നത്. ഔട്ട് ലുക്ക് മാഗസിനായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കിയത്. ഈ വിവരം താനാണ് പുറത്തുവിട്ടത് എന്നറിഞ്ഞാല്‍ താന്‍ കൊല്ലപ്പെടുമെന്ന കാര്യവും അദ്ദേഹം ഔട്ട്ലുക്കിനോട് പറയുന്നതായി ആ മാഗസിന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഗോധ്ര സംഭവത്തില്‍ ഹിന്ദുക്കള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ തടയരുതെന്ന് നിര്‍ദ്ദേശം നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി എന്നായിരുന്നു വെളിപ്പെടുത്തല്‍. (ഇക്കാര്യം പിന്നിട്, സഞ്ജയ് ഭട്ട് എന്ന പോലീസ് ഉദ്യോഗസ്ഥനും പറഞ്ഞിട്ടുണ്ട്). ഇതേകാര്യം പാണ്ഡെ പിന്നീട് ഗുജറാത്ത് വംശഹത്യ അന്വേഷിച്ച് Concerned Citizens Tribunal നുമുന്നിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഹരേണ്‍ പാണ്ഡ വധത്തിനുപിന്നിലെ ഗുഢാലോചനക്കാര്‍ ആരാണ് എന്നത് സംബന്ധിച്ച് ഒന്നും വ്യക്തമായില്ല. നിരവധി സംശയങ്ങളുണ്ടെങ്കിലും. വാടക കൊലയാളികള്‍ മാത്രം ശിക്ഷിക്കപ്പെട്ടു.

മേല്‍സൂചിപ്പിച്ച കേസുകള്‍ വ്യത്യസ്ത സ്വഭാവമുള്ളതാണ്. എന്നാല്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ രീതിയെക്കുറിച്ചുള്ള സൂചനകള്‍ അത് നല്‍കുന്നുണ്ട്. അതുകൊണ്ടാണ് പ്രവീണ്‍ തൊഗാഡിയയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതാകുന്നത്. വംശഹത്യയുടെ കാലത്ത് മോദി – ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തനായിരുന്നെങ്കിലും പിന്നീട് തൊഗാഡിയെയെ ഒതുക്കാനാണ് ഇവര്‍ ശ്രമിച്ചത്. വിശ്വ ഹിന്ദു പരിഷത്ത് നേതൃസ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി കാണേണ്ടതാണ്.

ഗുജറാത്തിലെ പാര്‍ട്ടി നേതൃത്വത്തിന് അത്രയൊന്നും താല്‍പര്യമില്ലാതിരുന്ന കാലത്ത് മോദിയെ പിന്തുണച്ചത് തൊഗാഡിയ ആയിരുന്നു. ആദ്യം മുഖ്യമന്ത്രി ആയപ്പോള്‍ തന്റെ വിശ്വസ്തന്‍ ഗോര്‍ധാന്‍ സധാഫിയയെ ആഭ്യന്തര സഹമന്ത്രിയാക്കി നിയമിക്കാനും തൊഗാഡിയയ്ക്ക് കഴിഞ്ഞു. പൊലീസിനെ കാവിവല്‍ക്കരിക്കുന്നിതിന് മോദിയ്ക്ക് കൂട്ടായി നിന്നതും ഇയാള്‍ തന്നെ. എന്നാല്‍ വംശഹത്യയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മോദി തൊഗാഡിയയെ കൈയൊഴിഞ്ഞു തുടങ്ങി. ആ ഭിന്നതയാണ് ഇപ്പോള്‍ രൂക്ഷമായി കൊലപാതക ഗൂഢാലോചന എന്ന ആരോപണത്തില്‍ എത്തിനില്‍ക്കുന്നത്.

തീവ്ര വര്‍ഗീയത പ്രചരിപ്പിക്കാന്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ കള്ളങ്ങള്‍ എഴുന്നള്ളിക്കുന്ന ആള്‍ തന്നെയാണ് ഇപ്പോഴും മറ്റേത് സംഘപരിവാര്‍ നേതാവിനെയും പോലെ, തൊഗാഡിയ. പക്ഷെ, അദ്ദേഹം ഇപ്പോള്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് സംഘപരിവാറിന്റെ ചരിത്രം തന്നെ സാംഗത്യം നല്‍കുന്നുണ്ട്. അതുകൊണ്ട് അത് തന്നെ അവഗണിക്കാവുന്നതുമല്ല. ഫാസിസ്റ്റ് പ്രയോഗത്തില്‍ സ്വാഭാവികമായും മനുഷ്യത്വവും യുക്തിയും പ്രതീക്ഷിക്കുക വയ്യ.

എന്‍.കെ. ഭൂപേഷ്

We use cookies to give you the best possible experience. Learn more