ജാമിയ പൊലീസ് അതിക്രമം; കോഴിക്കോട് ദൂരദര്‍ശന്‍ കേന്ദ്രം ഉപരോധിച്ച് ഫ്രറ്റേണിറ്റി
Citizenship Amendment Act
ജാമിയ പൊലീസ് അതിക്രമം; കോഴിക്കോട് ദൂരദര്‍ശന്‍ കേന്ദ്രം ഉപരോധിച്ച് ഫ്രറ്റേണിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2019, 11:03 pm

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ദല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ദൂരദര്‍ശന്‍ കേന്ദ്രം ഉപരോധിച്ചു.

രാത്രി പത്ത് മണിയോടെയായിരുന്നു ദൂരദര്‍ശന്‍ കേന്ദ്രം പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമില മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്.

ജാമിയ മില്ലിയ , അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി തുടങ്ങിയ കലാലയങ്ങളില്‍ ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികളെ പോലും ഭീകരമായ രീതിയിലാണ് പോലീസ് മര്‍ദിച്ചിരിക്കുന്നതെന്നും ഫ്രറ്റേണിറ്റി സംസ്ഥാന അധ്യക്ഷന്‍ ഷംസീര്‍ ഇബ്രാഹിം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടകളും ദല്‍ഹി പോലീസുമാണ് ഹോസ്റ്റലുകളില്‍ പോലും അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു കൊണ്ടിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ ഹോസ്പിറ്റലില്‍ ആണുള്ളത്.

വിഷയത്തില്‍ കേരളത്തിലെ എം പി മാര്‍ എങ്കിലും അടിയന്തിരമായി ഇടപെടണം. പോലീസിനെ ഉടന്‍ ക്യാമ്പസുകളില്‍ നിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണ് ഇന്നു രാത്രി മുഴുവന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു പേരാണ് ഇപ്പോള്‍ പ്രതിഷേധത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.