|

സിനിമാലോകത്ത് ചാര്‍ത്തപ്പെടുമെന്ന് കരുതുന്ന ചില 'ബ്രാന്‍ഡുകളോട്' പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഷാരിസ് പിന്മാറിയത്; വിശദീകരണവുമായി ഫ്രട്ടേണിറ്റി മൂവ്‌മെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: എം.എസ്.എഫ് വേദിയില്‍ വെച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് തന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചുവെന്നും എന്നാല്‍ അത് നിരസച്ചുവെന്നുമുള്ള തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹിം.

‘നവ ജനാധിപത്യ ഭാവനകളും മലയാള സിനിമയും’ എന്ന ചര്‍ച്ച സംഗമത്തിന്റെ ഭാഗമായിട്ടാണ് താന്‍ ഷാരിസിനെ ഫോണിലൂടെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാല്‍ ‘ഇത്തരം’ പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ സിനിമാലോകത്ത് തനിക്ക് ചാര്‍ത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില ‘ബ്രാന്‍ഡുകളോട്’ പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തെ മുന്‍നിര്‍ത്തി പരിപാടിയില്‍ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചതെന്നും ആദില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദിലിന്റെ പ്രതികരണം.

‘ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 2022 ജൂണ്‍ 13ന് നടത്താന്‍ തീരുമാനിച്ച ‘നവ ജനാധിപത്യ ഭാവനകളും മലയാള സിനിമയും’ എന്ന ചര്‍ച്ച സംഗമത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെ ഫോണിലൂടെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. സാമൂഹ്യ നീതിയും നവജനാധിപത്യ ഭാവനകളും ചര്‍ച്ചയാകുന്ന വ്യത്യസ്ത സിനിമകള്‍ പുറത്തിറങ്ങിയ സമകാലിക പശ്ചാത്തലത്തില്‍ മലയാളം സിനിമ മേഖലയില്‍ രൂപപ്പെട്ട് വരുന്ന പുതിയ ജനാധിപത്യ കാഴ്ചപ്പാടുകളെ മുന്‍ നിര്‍ത്തി സംസാരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്.

എന്നാല്‍ പരിപാടിയുടെ പ്രാധാന്യം എന്നതിനപ്പുറം ‘ഇത്തരം’ പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ സിനിമാലോകത്ത് തനിക്ക് ചാര്‍ത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില ‘ബ്രാന്‍ഡുകളോട്’ പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തെ മുന്‍നിര്‍ത്തി പരിപാടിയില്‍ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചത്,’ ആദില്‍ പറഞ്ഞു.

ഭരണകൂട വേട്ടയ്‌ക്കെതിരെ സിനിമ രംഗത്ത് ശക്തിപ്പെടുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്ന ചര്‍ച്ചയാണ് പ്രസ്തുത പരിപാടിയിലൂടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ലക്ഷ്യംവെച്ചത്. വ്യവസ്ഥാപിത അനീതിക്കെതിരെ നടക്കുന്ന ചര്‍ച്ച സംഗമത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജാതീയ വിവേചനവും ഇസ്‌ലാമോഫോബിയയും സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ ഇസ്ലാമോഫോബിയ ചര്‍ച്ചയ്ക്കാണ് തന്നെ ഫ്രറ്റേണിറ്റി ക്ഷണിച്ചതെന്ന പ്രയോഗം കൊണ്ട് ഷാരിസ് മുഹമ്മദ് ഉന്നം വയ്ക്കുന്നത് എന്തിനെയാണെന്നും ആദില്‍ പറഞ്ഞു.

മലയാള സിനിമ മേഖലയില്‍ അള്‍ട്രാ സെക്കുലര്‍ ഭാവുകത്വം ആഗ്രഹിക്കുന്ന വ്യക്തികളുടെ നിരയിലേക്ക് ചേര്‍ത്തുനിര്‍ത്തപ്പെടുകയില്ല എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. സവര്‍ണ ന്യൂനപക്ഷ അധീശത്വം വാഴുന്ന കലാ സാഹിത്യ മേഖലകളില്‍ പുതുകാല സിനിമകളും സംവിധായകരും ആര്‍ജവത്തോടെ എഴുന്നേറ്റ് നിന്ന് പ്രതികരിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം സ്വീകരിക്കുന്നത്.

എന്നാല്‍ വിശുദ്ധ മതേതരത്വ ബ്രാന്‍ഡിങ്ങിലൂടെ അത്തരം ഫാസിസ്റ്റ് ഗൂഢാലോചനകളെ പ്രതിരോധിക്കാം എന്നത് ദുര്‍ബലമായ ബോധ്യങ്ങള്‍ മാത്രമാണ്. ഏതായാലും – കണ്ണൂര്‍ നഗരത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംഘടിപ്പിച്ച പ്രസ്തുത പരിപാടിയില്‍ ഡോ. എ.കെ. വാസു, ലീലാ സന്തോഷ്, സമീല്‍ ഇല്ലിക്കല്‍, ഇജാസുല്‍ ഹഖ്, സജീദ് ഖാലിദ് തുടങ്ങിയവര്‍ പങ്കെടുത്തുവെന്നും ആദില്‍ പറഞ്ഞു.

CONTENT HIGHLIGHTS:  Fraternity Movement  reacting to the statement of screenwriter Shariz Muhammad that he was invited to a program by the but declined