ഐ.പി.സി 377 വകുപ്പ് ഭേദഗതി സ്വാഗതാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
section 377
ഐ.പി.സി 377 വകുപ്പ് ഭേദഗതി സ്വാഗതാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 3:17 pm

 

കോഴിക്കോട്: ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്ത സുപ്രീം കോടതിവിധി ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വിലപ്പെട്ട ആശയങ്ങളാണ്. രാജ്യത്തെ ഭരണഘടന അത് ഉറപ്പുനല്‍കുന്നുണ്ട്. ഭരണകൂടവും ആധിപത്യ-അധികാര രൂപങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേല്‍ കൈ വെക്കുന്ന ഏതൊരു നീക്കവും ചെറുക്കപ്പെടേണ്ടതാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസ്താവനയില്‍ പറയുന്നു.

പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും തീര്‍പ്പുകളില്‍ എത്തേണ്ടതും ഭൂരിപക്ഷഹിതമനുസരിച്ചല്ലെന്ന കോടതിയുടെ പരാമര്‍ശവും സ്വാഗതാര്‍ഹമാണ്. ലിംഗപരമായ വ്യത്യസ്തത കാരണം അന്യവല്‍രിക്കപ്പെട്ട വലിയൊരു വിഭാഗം ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇവിടെയുണ്ട്. അവര്‍ക്കും വ്യത്യസ്ത ലൈംഗിക സ്വത്വം പുലര്‍ത്തുന്നവര്‍ക്കും നിയമഭേദഗതി പ്രതീക്ഷാദായകമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹിക ജനവിഭാഗങ്ങള്‍ കാലങ്ങളായി നേരിടുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും നിയമപരമായി ചോദ്യം ചെയ്യാന്‍ നിയമം കൊണ്ട് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

Also Read:കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കി ; കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി

വ്യക്തിത്വവും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ജീവിക്കുവാനുള്ള അവകാശങ്ങള്‍ക്കും വേണ്ടി നിയമ പോരാട്ടം നടത്തിയ ട്രാന്‍സ് കമ്മ്യൂണിറ്റി തീര്‍ച്ചയായും അഭിവാദ്യങ്ങള്‍ അര്‍ഹിക്കുന്നു. ലൈംഗികതയുടെ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സമൂഹമോ അക്രമിക്കപ്പെടുകയും ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കപ്പെടുകയും അതിജീവനോപാധികള്‍ തടയപ്പെടുകയും ചെയ്യുന്നത് ശരിയല്ല. അത്തരം പ്രവണതകളില്‍ നിന്ന് ഈ ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും ഈ നിയമഭേദഗതി ഉപകരിക്കും.

അതേസമയം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ അവരുടെ വിശ്വാസത്തിന്റെയും ധാര്‍മിക – സദാചാര കാഴ്ചപ്പാടുകളുടെയും ഭാഗമായി സ്വവര്‍ഗലൈംഗികതയെ അംഗീകരിക്കാത്തവരായുണ്ട്. അവരുടെ വിശ്വാസ കാഴ്ചപ്പാടുകളുമായി മുന്നോട്ടുപോകുവാനുള്ള സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും അവര്‍ക്ക് പ്രദാനം ചെയ്യുന്നുണ്ട്.

കുടുംബവ്യവസ്ഥ, ധാര്‍മിക വിചാരങ്ങള്‍ തുടങ്ങിയ പൊതു സാമൂഹിക യാഥാര്‍ഥ്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സന്തുലിതമായി നിലനില്‍ക്കുന്ന സഹവര്‍ത്തിത്വം സാധ്യമാണോ എന്ന നിലയിലുള്ള വ്യവഹാരങ്ങള്‍ വരും കാലങ്ങളില്‍ നമ്മുടെ ജനാധിപത്യ ഭാവനകളെ ശക്തിപ്പെടുത്തും എന്ന് കരുതുന്നുവെന്ന് ഫ്രറ്റേണിറ്റി വ്യക്തമാക്കി.