| Friday, 23rd March 2018, 12:13 am

ഫാറൂഖ് കോളേജ് വിവാദം: അധ്യാപകനോട് പ്രതിഷേധം; മാധ്യമങ്ങള്‍ക്ക് ദുഷ്ടലാക്കെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫാറൂഖ് കോളോജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധ്യാപകന്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. അതേസമയം വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് ദുഷ്ടലാക്കാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്് നഈം ഗഫൂര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫ്രറ്റേണിറ്റി വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്.

ട്രെയിനിങ് കോളേജ് അധ്യാപകന്റെ പ്രസംഗ പരാമര്‍ശങ്ങള്‍ മതപരമായ വസ്ത്ര ധാരണരീതി പിന്തുടരണമെന്നാഗ്രഹിക്കുന്ന ഫാറൂഖ് കോളേജിലെ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ അഭിമാനബോധത്തിന് പ്രഹരമേല്പിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അധ്യാപകന്റെ പ്രസംഗ പരാമര്‍ശങ്ങള്‍ക്കെതിരില്‍ മൂവ്‌മെന്റ് പ്രതിഷേധം രേഖപ്പെടുത്തുന്നുമാണ് നഈം ഫേസ്ബുക്കിലൂടെ പറഞ്ഞത്.

പ്രസംഗ പരാമര്‍ശങ്ങള്‍ക്കെതിരില്‍ പ്രതിഷേധിക്കുന്ന ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളുടെ നിലപാടിനൊപ്പം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനാധിപത്യപരമായി നിലയുറപ്പിക്കുകയാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ പറയുന്നു. അതേസമയം ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നത്തെയും ഫാറൂഖ് കോളേജ് മാനേജ്മെന്റ് പ്രതിനിധീകരിക്കുന്ന ഇസ്ലാം മതവുമായും അതിന്റെ സദാചാര സങ്കല്പങ്ങളുമായും ബന്ധപ്പെടുത്തി സമീപിക്കുകയും അവയെ പൈശാചികവല്‍ക്കരിക്കുകയും ചെയ്യുന്ന നീക്കങ്ങളെ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസങ്ങള്‍ക്ക് മുമ്പ് ട്രെയിനിങ് കോളേജിലെ അധ്യാപകന്‍ കോളേജുമായി ബന്ധമില്ലാത്ത ഒരു സ്വകാര്യ പരിപാടിയില്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ വലിയൊരു പ്രശ്നമായി അവതരിപ്പിക്കുന്നത് ഇത്തരമൊരജണ്ടയുടെ ഭാഗമാണെന്നു പറഞ്ഞ നഈം അധ്യാപകന്റെ പരാമര്‍ശത്തെ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിച്ച “ഡൂള്‍ ന്യൂസ്” അടക്കമുള്ള മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്നും കൂട്ടിച്ചേര്‍ത്തു.

SFI, ABVP, KSU പോലുള്ള സംഘടനകളും ലിബറല്‍- മതേതര ആക്ടിവിസ്റ്റുകളും മുസ്ലിം പെണ്‍കുട്ടികള്‍ക്കു മേല്‍ കാണിക്കുന്ന ഇത്തരം ഉത്കണ്ഠകള്‍ പരിഹാസ്യമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പറയുന്നു. ഇത്തരത്തിലുള്ള “വത്തക്ക രാഷ്ട്രീയത്തിന്റെ” രാഷ്ട്രീയ അജണ്ടകളെ മൂവ്മെന്റ് തിരിച്ചറിയുകയും അതിനെതിരില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നെന്നും പോസ്റ്റ് പറയുന്നു.

“കഴിഞ്ഞ ദിവസം നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച കോളേജ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ സത്വരനടപടികള്‍ സ്വീകരിക്കണം. അവരെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരില്‍ പോലീസ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണ”മെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.

അതേസമയം വിവാദ പരാമര്‍ശം നടത്തിയ അധ്യാപകനെതിരെ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റ് പ്രൊഫസര്‍ ജൗഹര്‍ മുനവീറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

നഈമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഫാറൂഖ് കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനുള്ള മുതലെടുപ്പ് രാഷ്ട്രീയക്കാരുടെ കോലാഹലങ്ങള്‍ തെല്ലൊന്ന് ശമിച്ച സ്ഥിതിക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ കുറച്ചു കൂടി കാര്യങ്ങള്‍ വ്യക്തമാക്കാം എന്നു തോന്നുന്നു.

കഴിഞ്ഞ ദിവസം നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച കോളേജ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ സത്വരനടപടികള്‍ സ്വീകരിക്കണം. അവരെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരില്‍ പോലീസ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. കോളേജ് അധികൃതര്‍ നിരന്തരമായി തുടരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണിത്. സ്വയംഭരണത്തിന്റെ അമിതാധികാര പ്രയോഗങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ച് കാമ്പസിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്.

ക്യാമ്പസിലെ സമാധാന അന്തരീക്ഷത്തെയും നിയമങ്ങളെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിക്കുന്നു. ആഘോഷങ്ങളുടെ അതിരു കവിച്ചിലിനെയും, നിയമപാലനത്തെയും കുറിച്ച ആശങ്കകളെയും ചര്‍ച്ചകളെയും ഞങ്ങള്‍ തുറന്ന മനസ്സോടെ സമീപിക്കുകയും ചെയ്യുന്നു. പക്ഷേ അതൊന്നും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനുള്ള ന്യായമല്ല. ആഘോഷങ്ങളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ മാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നു വരാവുന്നതാണ്. തങ്ങളുടേതല്ലാത്ത ആഘോഷങ്ങളെയും മറ്റും സാംസ്‌കാരികഭിന്നതയുടെ തലത്തില്‍ വിശകലനം ചെയ്യാമെങ്കിലും അത്തരം സാംസ്‌കാരിക ഭിന്നതകളെ ആള്‍ക്കൂട്ടനീതി കൊണ്ടല്ല പ്രതിരോധിക്കേണ്ടത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് കോളേജ് നിയമലംഘനങ്ങള്‍ ഉണ്ടാകുന്നുവെന്ന് കോളേജിലെ അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ നാട്ടുകാര്‍ക്കോ പരാതിയുണ്ടെങ്കില്‍ അതിന് കോളേജിനകത്തോ പുറത്തോ ഉള്ള പൊതു നിയമ പരിപാലന സംവിധാനങ്ങള്‍ വഴി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥികളുടെ മേല്‍ അച്ചടക്ക ലംഘനമോ നിയമലഘനമോ ആരോപിച്ചു കൊണ്ടുള്ള ഏതു കയ്യേറ്റവും അക്രമവും അംഗീകരിക്കാനാകാത്തതാണ്.

ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നത്തെയും ഫാറൂഖ് കോളേജ് മാനേജ്മെന്റ് പ്രതിനിധീകരിക്കുന്ന ഇസ്ലാം മതവുമായും അതിന്റെ സദാചാര സങ്കല്പങ്ങളുമായും ബന്ധപ്പെടുത്തി സമീപിക്കുകയും അവയെ പൈശാചികവല്‍ക്കരിക്കുകയും ചെയ്യുന്ന നീക്കങ്ങളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അപലപിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ട്രെയിനിങ് കോളേജിലെ ഒരധ്യാപകന്‍ കോളേജുമായി ബന്ധമില്ലാത്ത ഒരു സ്വകാര്യ പരിപാടിയില്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ വലിയൊരു പ്രശ്നമായി അവതരിപ്പിക്കുന്നത് ഇത്തരമൊരജണ്ടയുടെ ഭാഗമാണ്. അധ്യാപകന്റെ പരാമര്‍ശത്തെ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിച്ച “ഡൂള്‍ ന്യൂസ്” അടക്കമുള്ള മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള നടപടി പ്രതിഷേധാര്‍ഹമാണ്. SFI, ABVP, KSU പോലുള്ള സംഘടനകളും ലിബറല്‍- മതേതര ആക്ടിവിസ്റ്റുകളും മുസ്ലിം പെണ്‍കുട്ടികള്‍ക്കു മേല്‍ കാണിക്കുന്ന ഇത്തരം ഉത്കണ്ഠകള്‍ പരിഹാസ്യമാണ്. ഇത്തരത്തിലുള്ള “വത്തക്ക രാഷ്ട്രീയത്തിന്റെ” രാഷ്ട്രീയ അജണ്ടകളെ മൂവ്മെന്റ് തിരിച്ചറിയുകയും അതിനെതിരില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നു.

അതേ സമയം, ഫാറൂഖ് കോളേജ് തുടര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ – ജനാധിപത്യ വിരുദ്ധ നിഷേധാത്മക സമീപനങ്ങളോടുള്ള വിമര്‍ശനങ്ങളെയും പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും എല്ലാം മാനേജ്മെന്റ് പ്രതിനിധീകരിക്കുന്ന മുസ്ലിം സമുദായത്തിനെതിരിലുള്ള നീക്കങ്ങളായി അവതരിപ്പിക്കാനുള്ള മാനേജ്മെന്റ് ശ്രമങ്ങളെ ഫ്രറ്റേണിറ്റി അംഗീകരിക്കുന്നില്ല. മാനേജ്മെന്റിനെതിരില്‍ ഉയരുന്ന ന്യായമായ വിമര്‍ശനങ്ങളെ തടുക്കാന്‍ വേണ്ടി ആവശ്യം വരുമ്പോള്‍ മാത്രം എടുത്തുപയോഗിക്കുവാനുള്ള പ്രതിരോധ പരിചയല്ല ഫാറൂഖ് കോളേജിന്റെ മുസ്ലിം സമുദായ പശ്ചാത്തലം എന്ന് മാനേജ്മെന്റ് അധികൃതരെ ഓര്‍മ്മപ്പെടുത്തുവാന്‍ മൂവ്‌മെന്റ് ആഗ്രഹിക്കുന്നു.

മതങ്ങളുടെ ധാര്‍മിക സങ്കല്‍പ്പങ്ങളും സദാചാര്യ മൂല്യങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന് ഫ്രറ്റേണിറ്റി വിശ്വസിക്കുന്നു. സമകാലിക സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കിയും വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെ ആത്മാഭിമാനബോധത്തെ ഇകഴ്ത്താതെയുമായിരിക്കണം ഇത്തരം മൂല്യ സങ്കല്‍പ്പങ്ങള്‍ വിനിമയം ചെയ്യപ്പെടേണ്ടത് എന്ന് മൂവ്‌മെന്റ് മനസ്സിലാക്കുന്നു. ട്രെയിനിങ് കോളേജ് അധ്യാപകന്റെ പ്രസംഗ പരാമര്‍ശങ്ങള്‍ മതപരമായ വസ്ത്ര ധാരണരീതി പിന്തുടരണമെന്നാഗ്രഹിക്കുന്ന ഫാറൂഖ് കോളേജിലെ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ അഭിമാനബോധത്തിന് പ്രഹരമേല്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകന്റെ പ്രസംഗ പരാമര്‍ശങ്ങള്‍ക്കെതിരില്‍ മൂവ്‌മെന്റ് പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രസംഗ പരാമര്‍ശങ്ങള്‍ക്കെതിരില്‍ പ്രതിഷേധിക്കുന്ന ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളുടെ നിലപാടിനൊപ്പം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനാധിപത്യപരമായി നിലയുറപ്പിക്കുകയും ചെയ്യുന്നു.

We use cookies to give you the best possible experience. Learn more