തിരുവനന്തപുരം: ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്ത സുപ്രീംകോടതി വിധിയില്‍ നിലപാട് മാറ്റി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സെപ്തംബര്‍ 10ന് പുറത്തിറക്കിയ പ്രസ്താവനയാണ് ഫ്രറ്റേണിറ്റി തിരുത്തിയിരിക്കുന്നത്. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് നിലപാട് തിരുത്തിയത്.
ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. അതേസമയം, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ ഇന്നു നടന്ന മീറ്റിങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. തന്റെ വ്യക്തിപരമായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ഭൂരിപക്ഷ തീരുമാനത്തിന്‌റെ കൂടെ നില്‍ക്കുമെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ് പ്രതികരിക്കാന്‍ തയാറായില്ല.
Read: ഐ.പി.സി 377 വകുപ്പ് ഭേദഗതി സ്വാഗതാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
“IPC 377ാം വകുപ്പ് ഭാഗികമായി റദ്ദ് ചെയ്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്തു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെപ്തംബര്‍ 10ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സംഘടനയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പിന്‍വലിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ട്രാന്‍സ്‌ജെന്ററുകളെ സംബന്ധിച്ച പ്രസ്താവനയിലെ നിലപാടില്‍ സംഘടന ഉറച്ചു നില്‍ക്കുന്നു. കോടതിവിധിയും ബന്ധപ്പെട്ട വിഷയങ്ങളും സംഘടനക്കകത്ത് വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കും എന്നും കുറിപ്പില്‍ പറയുനുണ്ട്. ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഫ്രറ്റേണിറ്റി എടുത്ത തീരുമാനം.
സുപ്രീംകോടതി വിധി വന്നതിനു ശേഷം, ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്ത സുപ്രീം കോടതിവിധി ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണെന്നാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പറഞ്ഞത്. ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വിലപ്പെട്ട ആശയങ്ങളാണ്. രാജ്യത്തെ ഭരണഘടന അത് ഉറപ്പുനല്‍കുന്നുണ്ട്.
ഭരണകൂടവും ആധിപത്യ-അധികാര രൂപങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേല്‍ കൈ വെക്കുന്ന ഏതൊരു നീക്കവും ചെറുക്കപ്പെടേണ്ടതാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും തീര്‍പ്പുകളില്‍ എത്തേണ്ടതും ഭൂരിപക്ഷഹിതമനുസരിച്ചല്ലെന്ന കോടതിയുടെ പരാമര്‍ശവും സ്വാഗതാര്‍ഹമാണ്.
ലിംഗപരമായ വ്യത്യസ്തത കാരണം അന്യവല്‍രിക്കപ്പെട്ട വലിയൊരു വിഭാഗം ട്രാന്‍സ്ജെന്‍ഡറുകള്‍ ഇവിടെയുണ്ട്. അവര്‍ക്കും വ്യത്യസ്ത ലൈംഗിക സ്വത്വം പുലര്‍ത്തുന്നവര്‍ക്കും നിയമഭേദഗതി പ്രതീക്ഷാദായകമാണ്. ട്രാന്‍സ്ജെന്‍ഡര്‍ സാമൂഹിക ജനവിഭാഗങ്ങള്‍ കാലങ്ങളായി നേരിടുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും നിയമപരമായി ചോദ്യം ചെയ്യാന്‍ നിയമം കൊണ്ട് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.