| Thursday, 20th September 2018, 4:46 pm

ഫ്രറ്റേണിറ്റിയുടെ നിലപാട് മാറ്റത്തിന് പിന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെക്ഷന്‍ 377 വിധിയില്‍ നിലപാടുമാറ്റിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നടപടി ചര്‍ച്ചയാവുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിധിയെ അംഗീകരിച്ച് കൊണ്ട് സെപ്റ്റംബര്‍ 10ന് ഇറക്കിയ പ്രസ്താവന തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഞ്ച് ദിവസത്തിന് ശേഷം പിന്‍വലിച്ച നടപടിയാണ് സംഘടനയ്ക്കകത്തും പുറത്തും ചര്‍ച്ചയാവുന്നത്.

നിലപാട് സംബന്ധിച്ച് സംഘടനയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പിന്‍വലിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ട്രാന്‍സ്ജെന്ററുകളെ സംബന്ധിച്ച പ്രസ്താവനയിലെ നിലപാടില്‍ സംഘടന ഉറച്ചു നില്‍ക്കുന്നുവെന്നും കോടതിവിധിയും ബന്ധപ്പെട്ട വിഷയങ്ങളും സംഘടനക്കകത്ത് വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ടാമതിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

IPC 377ാം വകുപ്പ് ഭാഗികമായി റദ്ദ് ചെയ്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്തു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സെപ്തംബര്‍ 10 ന് പുറത്തിറക്കിയ പ്രസ്താവന, സംഘടനയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പിന്‍വലിക്കുന്നു. ട്രാന്‍സ്ജെന്ററുകളെ സംബന്ധിച്ച പ്രസ്താവനയിലെ നിലപാടില്‍ സംഘടന ഉറച്ചു നില്‍ക്കുന്നു. കോടതിവിധിയും ബന്ധപ്പെട്ട വിഷയങ്ങളും സംഘടനക്കകത്ത് വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കും.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയില്‍ നിന്നുള്ള എതിര്‍പ്പാണ് ഫ്രറ്റേണിറ്റിയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

ഇതാദ്യമായല്ല ജമാഅത്തെ ഇസ്ലാമി സംഘടനയ്ക്കകത്തെ പുരോഗമന നിലപാടുകള്‍ക്ക് തടയിടുന്നത്. മിശ്രവിദ്യഭ്യാസം സംബന്ധിച്ച് വര്‍മ കമ്മീഷന്‍ മുമ്പാകെ ജമാഅത്തെ ഇസ്ലാമി ഇസ്ലാമി നല്‍കിയ നിലപാടിനെ എതിര്‍ത്ത് കൊണ്ട് അതിന്റെ യുവവിഭാഗമായ സോളിഡാരിറ്റി രംഗത്ത് വന്നിരുന്നു.

അവിവാഹിതരായ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്നത് വിലക്കുകയും നിയമവിരുദ്ധമാക്കുക സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനായി മിക്‌സഡ് സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാതാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ മിശ്രവിദ്യാഭ്യാസത്തിനെതിരായുള്ള മാതൃസംഘടനയുടെ നിലപാടിനെ അംഗീകരിക്കുന്നില്ലായെന്നും ലിംഗ സമത്വത്തിലും ലിംഗനീതിയിലുമാണ് വിശ്വസിക്കുന്നതെന്നും സോളിഡാരിറ്റി നേതൃത്വം വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. പക്ഷെ പിന്നീടിക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകളൊന്നുമുണ്ടായിരുന്നില്ല.

ഈയൊരു നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് ഫ്രറ്റേണിറ്റിയെ അനുസരിപ്പിച്ചതിലൂടെ ജമാഅത്തെ ഇസ്ലാമി ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.

എന്നാല്‍ 377 വിധിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാടില്‍ സംഘടനയ്ക്കകത്ത് അഭിപ്രായവ്യത്യാസങ്ങളുള്ളതിനാലാണ് പിന്‍വലിച്ചതെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെഫ്രിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘടനയ്ക്കകത്ത് അഭിപ്രായ വ്യത്യാസമുള്ളത്. വിഷയം ചര്‍ച്ച ചെയ്യണമെന്നും പഠിക്കണമെന്നും സംഘടനയ്ക്കകത്ത് ആവശ്യമുയര്‍ന്നിരുന്നു. അതുകൊണ്ട് ചര്‍ച്ച ചെയ്ത ശേഷം വീണ്ടും നിലപാട് പ്രഖ്യാപിക്കാമെന്ന് നിലപാടെടുത്തിരിക്കുകയാണെന്ന് ഷെഫ്രിന്‍ പറഞ്ഞു.

ഒരു വിഷയം വരുമ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അത് പഠിച്ചിട്ട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. അത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാവണമെന്നില്ല. സംഘടനയ്ക്കകത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു. ഒരു ജനാധിപത്യ സംവിധാനമെന്ന നിലയ്ക്ക് പഠിച്ചതിന് ശേഷം നിലപാട് പ്രഖ്യാപിക്കാമെന്ന് പറഞ്ഞുകൊണ്ട് പ്രസ്താവന പിന്‍വലിക്കുകയാണ് ചെയ്തത്. ഷെഫ്രിന്‍ പറഞ്ഞു.

മൗദൂദിയന്‍ വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച് മാത്രം മതത്തെയും ലോകത്തെയും മനസിലാക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ പോഷകസംഘടനകളും നേരിടുന്ന ഘടനപരമായ പ്രശനത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ അഭിപ്രായപ്പെടുന്നത്.

ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ക്രൂരമായി നിഷേധിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുന്ന നിയമ വ്യവസ്ഥയെ പിന്താങ്ങുന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ ന്യൂനപക്ഷ രാഷ്ട്രീയം എന്ന സ്വന്തം മുദ്രാവാക്യം കറ കളഞ്ഞ കാപട്യമാണെന്ന് തെളിയിക്കുകയാണ് ഫ്രറ്റേണിറ്റി ചെയ്യുന്നതെന്ന് നാസിറുദ്ദീന്‍ അഭിപ്രായപ്പെടുന്നു.

പുരോഗമനമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഫ്രറ്റേണിറ്റിക്ക് മൗദൂദിയന്‍ ധാരക്കും പുറത്തുള്ള പിന്തിരിപ്പന്‍ മത/രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കുമപ്പുറം പോകാന്‍ സാധിക്കുന്നില്ലെന്നാണ് നിലപാട് മാറ്റിയതിലൂടെ മനസ്സിലാക്കേണ്ടതെന്നും നാസിറുദ്ദീന്‍ അഭിപ്രായപ്പെടുന്നു.

377ല്‍ വിധി വന്നപ്പോള്‍ ഫ്രറ്റേണിറ്റിയെടുത്ത നിലപാടിനെ അതിന്റെ വിമര്‍ശകര്‍ പോലും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടാ നിലപാട് മാറ്റത്തിനുള്ള വിശദീകരണം കൃത്യമായി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ മുന്നോട്ട് വെക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയം എന്താണെന്നത് ഫ്രറ്റേണിറ്റി വിശദീകരിക്കേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more