| Saturday, 9th November 2019, 9:24 pm

അധികാര സംവിധാനങ്ങള്‍ക്കകത്തെ മുസ്‌ലിം വിരുദ്ധതയാണ് ബാബരി വിധിയിലൂടെ അനാവൃതമായത്: ഫ്രറ്റേണിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അയോധ്യാക്കേസിലെ സുപ്രീംകോടതി വിധി നീതിനിഷേധവും വസ്തുതകളെ മുഖവിലയ്‌ക്കെടുക്കാത്ത പക്ഷപാതിത്വവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ഇന്ത്യയിലെ നിയമ-അധികാര സംവിധാനങ്ങള്‍ക്കകത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വിരുദ്ധതയാണു വിധിയിലൂടെ അനാവൃതമായിരിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

‘ബാബ്‌റി വിഷയത്തിലെ സുപ്രീംകോടതി വിധി നീതിനിഷേധവും വസ്തുതകളെ മുഖവിലയ്‌ക്കെടുക്കാത്ത പക്ഷപാതിത്വവുമാണ്. ഇന്ത്യയിലെ നിയമ-അധികാര സംവിധാനങ്ങള്‍ക്കകത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന മുസ്ലിം വിരുദ്ധതയാണ് ബാബ്‌റി വിധിയിലൂടെ അനാവൃതമായിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി തവണ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോഴും അസ്തിത്വം വെല്ലുവിളിക്കപ്പെട്ടപ്പോഴും ‘നീതിയുടെ പൊന്‍കിരണങ്ങളില്‍’ അന്തിമമായ വിശ്വാസം അര്‍പ്പിച്ചവരാണ് ഇന്ത്യയിലെ മുസ്ലിം സമൂഹവും മുസ്ലിം സംഘടനകളും.

എന്നാല്‍ അലഹബാദ് ഹൈക്കോടതി വിധിയും ഇപ്പോള്‍ വന്ന സുപ്രീംകോടതി വിധിയും ഈ വിശ്വാസ്യതയെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണ്. പള്ളിക്കുള്ളിലെ വിഗ്രഹപ്രതിഷ്ഠയും പള്ളി പൊളിച്ചതും നിയമലംഘനമാണെന്നു വിധിന്യായത്തില്‍ കോടതി നിരീക്ഷിക്കുന്നുണ്ടെങ്കിലും ആ നിയമലംഘനത്തെക്കുറിച്ചും അതിന്മേലുള്ള നടപടികളെക്കുറിച്ചും കോടതി മൗനം പാലിക്കുന്നു.

നിയമം നീതിയുടെ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഉന്നത നീതിപീഠങ്ങള്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സമീപനങ്ങളല്ല സ്വീകരിക്കേണ്ടത്. വിധി പുനഃപരിശോധിക്കാന്‍ കോടതി സന്നദ്ധമാകണം. പ്രശ്‌നപരിഹാരാര്‍ത്ഥം നിയമപരമായി വാഗ്ദാനം ചെയ്യപ്പെട്ട 5 ഏക്കര്‍ ഭൂമി ബന്ധപ്പെട്ട മുസ്‌ലിം കക്ഷികള്‍ നിരാകരിക്കണം.

നിയമവാഴ്ചയുടെ സംവിധാനങ്ങള്‍ക്കുള്ളില്‍ കോടതിവിധികളെ മാനിക്കാന്‍ ബാധ്യതപ്പെട്ടിരിക്കെത്തന്നെ ബാബ്‌റി പ്രശ്‌നത്തെ കേവല ഭൂമിപ്രശ്‌നമാക്കി ചുരുക്കിയ സുപ്രീംകോടതി വിധിയിലെ അനീതിയെ ശക്തിയുക്തം ഉന്നയിക്കുവാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആഗ്രഹിക്കുന്നു.’

We use cookies to give you the best possible experience. Learn more