മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യ കൊവിഡ് 19 ബാധിച്ച് മരിച്ചു. 21കാരനായ ഗാര്‍ഷ്യ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണെന്നാണ് കരുതപ്പെടുന്നത്.
2016 മുതല്‍ മലാഗ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറ്റലന്റികോ പോര്‍ട്ടാട അല്‍റ്റയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജൂനിയര്‍ വിഭാഗത്തിന് ട്രെയ്ന്‍ ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
രാജ്യവ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്‌പെയിനില്‍ മാത്രം 300ഓളം പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
കൊവിഡ് പടര്‍ന്ന മലാഗ പ്രദേശത്തെ അഞ്ചാമത്തെ രോഗബാധിതനായിരുന്നു ഗാര്‍ഷ്യ. ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ എല്ലാവരും പ്രായം ചെന്നവരാണ്.
കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഗാര്‍ഷ്യയ്ക്ക് പരിശോധനയ്ക്കിടയില്‍ ലുക്കീമിയയുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ ലുക്കീമിയയുണ്ടായിരുന്നതിനാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കോച്ചിന് കഴിഞ്ഞില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ലാലിഗ സ്പാനിഷ് ഫുട്‌ബോള്‍ ലീഗുകളെല്ലാം കൊവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍ത്തി വെച്ചിട്ടുണ്ട്.
സ്‌പെയിനില്‍ ഇതുവരെ 8,744 കൊവിഡ് കേസുകള്‍ സ്ഥിരീകിരിച്ചിട്ടുണ്ട്. അതില്‍ 297 പേര്‍ മരിച്ചു.
സ്‌പെയ്ന്‍കാരോട് വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇറ്റലിയും ഫ്രാന്‍സും പബുകളും റെസ്റ്റുറന്റുകളും സിനിമതീയറ്ററുകളുമടക്കം പൊതു ഇടങ്ങളെല്ലാം അടച്ചിട്ടുണ്ട്.