വത്തിക്കാന്‍: ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും എവുപ്രാസ്യമ്മയേയും ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം രണ്ട് മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇരുവരേയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഇവരടക്കം നാലുപേരെയാണ് മാര്‍പ്പാപ്പ ഇന്ന് വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിയത്. വിശുദ്ധരാക്കപ്പെട്ടവരുടെ തിരുശേഷിപ്പ് മാര്‍പാപ്പയ്ക്ക് കൈമാറി.
ഒരേ സമയം രണ്ട് ഭാരതീയര്‍ വിശുദ്ധ പദവി നേടുന്നു എന്നതിനൊപ്പം രണ്ടു മലയാളികള്‍ വിശുദ്ധരാവുന്നു എന്നുള്ള പ്രത്യേകതയും ഇന്ന് വത്തിക്കാനില്‍ നടന്ന ചടങ്ങുകള്‍ക്കുണ്ട്. ഭാരത കത്തോലിക്കാ സഭയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധനാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. രണ്ടാമത്തെ വിശുദ്ധയാണ് എവുപ്രാസ്യമ്മ.
ഇവര്‍ക്കൊപ്പം ഇറ്റലിക്കാരായ ജിയോവനി അന്റോണിയോ ഫരീന, ലുഡോവികോ ഡി കസോരിയ, നിക്കോള ഡി ലോംഗോബര്‍ഡി, അമാതോ റങ്കോണി എന്നിവരെയാണ് ഇന്ന് വിശുദ്ധ പദവി നല്‍കിയത്. കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 1500 വൈദികര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരായി. ഇവരില്‍ 800 പേര്‍ ഇന്ത്യയില്‍നിന്നാണ്.
കര്‍ദിനാള്‍മാരും ബിഷപ്പുമാരുമടക്കം 25ഓളം സഭാ തലവന്മാര്‍ ഇന്ത്യയില്‍ നിന്ന് വത്തിക്കാനിലെത്തിച്ചേര്‍ന്നിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികളും റോമിലെത്തിയിരുന്നു. പ്രൊഫസര്‍ പി.ജെ കുര്യന്റെ നേതൃത്വത്തിലാണ് കേന്ദ്രപ്രതിനിധിസംഘം. ജോസ് കെ.മാണി എം.പിയും സംഘത്തിലുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ.സി. ജോസഫ്, പി.ജെ. ജോസഫ്, എം.പി. വിന്‍സെന്റ് എം.എല്‍.എ എന്നിവരും എത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യയിലേയും വത്തിക്കാനിലേയും ആയിരക്കണക്കിന് മലയാളികളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.