| Friday, 20th January 2023, 3:58 pm

മെസി ലോകകപ്പ് ജയിച്ചതറിഞ്ഞപ്പോള്‍ ഞാനൊരു പട്ടിക്കുട്ടിയെ പോലെ തുള്ളിച്ചാടുകയായിരുന്നു: മുന്‍ ഡച്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ജയിച്ചതറിഞ്ഞപ്പോള്‍ താന്‍ അതീവ സന്തോഷവാനായിരുന്നെന്ന് മുന്‍ ബാഴ്‌സലോണ കോച്ചും മുന്‍ ഡച്ച് താരവുമായ ഫ്രാങ്ക് റിജ്കാഡ്.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്റെ രാജ്യമായ നെതര്‍ലാന്‍ഡ്‌സ് അര്‍ജന്റീനയോട് തോറ്റ് പുറത്തായപ്പോള്‍ സന്തോഷം തോന്നിയിരുന്നില്ലെന്നും മെസി ഫൈനലില്‍ കിരീടം നേടിയതറിഞ്ഞപ്പോള്‍ സന്തോഷത്താല്‍ കരയുകയായിരുന്നെന്നും റിജ്കാഡ് പറഞ്ഞു.

‘ലോകകപ്പ് ഫൈനലിന് ശേഷം എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുക മാത്രമായിരുന്നില്ല, സന്തോഷത്താല്‍ ഒരു പട്ടിക്കുട്ടിയെ പോലെ ഞാന്‍ തുള്ളിച്ചാടുകയായിരുന്നു. തികഞ്ഞ മെസി ആരാധകനായിട്ടാണ് ഞാന്‍ കളി കണ്ടത്. എനിക്ക് തോന്നുന്നു അദ്ദേഹം എന്താണോ ആഗ്രഹിച്ചത്, അത് നേടിക്കഴിഞ്ഞുവെന്ന്. മെസി അത് അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്,’ റിജ്കാഡ് പറഞ്ഞു.

2003-08 കാലഘട്ടത്തില്‍ മെസി ബാഴ്‌സലോണക്കായി ലാ ലിഗയും യുവേഫ ചാമ്പ്യന്‍സ് ലീഗും നേടിയപ്പോള്‍ റിജ്കാര്‍ഡ് ബാഴ്‌സയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു.

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ 120 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ഫ്രാന്‍സിനെ തോല്‍പിച്ച് അര്‍ജന്റീന ജയിച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ താരത്തിനായിരുന്നു.

ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് താരം ഖത്തറില്‍ നേടിയത്. തന്റെ 35ാം വയസിലും മികച്ച ഫോമില്‍ തുടരുകയാണ് മെസി. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ മികച്ച പ്രകടനമാണ് താരം ഈ സീസണില്‍ പുറത്തെടുക്കുന്നത്.

കഴിഞ്ഞ ദിവസം സൗദി അറബ്യയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഓള്‍ സ്റ്റാര്‍ ഇലവനെതിരെ കളിച്ച മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ നേടി പി.എസ്.ജി ജയിക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യ ഗോള്‍ മെസിയുടേതായിരുന്നു.

Content Highlights: Frank Rijkaar talking about Lionel Messi

We use cookies to give you the best possible experience. Learn more