ടിക്‌ടോക് ഇനി പുതിയ രൂപത്തില്‍; ആപ്പ് വാങ്ങാനൊരുങ്ങി യു.എസ് വ്യവസായി
World News
ടിക്‌ടോക് ഇനി പുതിയ രൂപത്തില്‍; ആപ്പ് വാങ്ങാനൊരുങ്ങി യു.എസ് വ്യവസായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 10:37 am

വാഷിങ്ടണ്‍: ടിക്‌ടോക് വാങ്ങാനൊരുങ്ങി യു.എസ് വ്യവസായി ഫ്രാങ്ക് മാക്രോട്ട്. ചൈനീസ് കമ്പനിയില്‍ നിന്നും ടിക്‌ടോക് വാങ്ങുന്നതിനുള്ള പുതിയ കണ്‍സോര്‍ഷ്യം നിര്‍മ്മിക്കാനൊരുങ്ങുകയാണെന്ന് ബുധനാഴ്ച്ചയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

നിലവില്‍ ആപ്പ് വാങ്ങാനൊരുങ്ങുന്ന ഫ്രാങ്ക് മാക്രോട്ട്, മാക്രോട്ട് ഗ്ലോബലിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ലോസ് ഏഞ്ചല്‍സ് ഡോഡ്‌ജേഴ്‌സ് ബേസ്‌ബോള്‍ ടീമിന്റെ മുന്‍ ഉടമയുമാണ്. ‘ഇന്റര്‍നെറ്റിന്റെ പുതിയതും മികച്ചതുമായ പതിപ്പായി ടിക്‌ടോക് പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ പദ്ധതിയിടുന്നു’ അദ്ദേഹം പറഞ്ഞു.

ടിക്‌ടോക് നിരോധിക്കുകയോ വില്‍ക്കുകയോ ചെയ്യണമെന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി യു.എസ് നിയമ നിര്‍മ്മാതാക്കള്‍ ടിക്‌ടോകിന്റെ സുരക്ഷാ ലംഘനങ്ങളെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെയെല്ലാം കോടതിയില്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു കമ്പനി.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക്. മുന്‍ നിയമപ്രകാരം ബിസിനസില്‍ നിന്ന് പിന്മാറാന്‍ 270 ദിവസമാണ് കമ്പനിക്ക് നല്‍കിയിരുന്നത്. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക്‌ടോക് നിരോധിക്കും. യു.എസ് നിയമത്തെ കോടതിയില്‍ വെല്ലുവിളിച്ച ബൈറ്റ്ഡാന്‍സ് ആപ്പ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആപ്പ് ഏറ്റെടുക്കാനുള്ള മാക്രോട്ടിന്റെ പുതിയ നീക്കം.

‘നിലവിലെ സാങ്കേതിക മോഡലിന് ബദല്‍ സൃഷ്ടിക്കുന്നതിനുള്ള അവിശ്വസനീയമായ അവസരമായാണ് ഈ ഏറ്റെടുക്കലിനെ ഞങ്ങള്‍ നോക്കി കാണുന്നത്,’ മാക്രോട്ട് കൂട്ടിച്ചേര്‍ത്തു. ആപ്പ് ഡിജിറ്റല്‍ ഓപ്പണ്‍ സോഴ്സ് പ്രോട്ടോക്കോളിലേക്ക് മൈഗ്രേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Frank McCourt has announced plans to acquire the Chinese-owned social media app’s American business