Football
റൊണാള്‍ഡോ തന്റെ ഒടുക്കത്തെ കളി കളിച്ചു, ഇനി അദ്ദേഹം യുണൈറ്റഡ് കാണില്ല; തുറന്നുപറഞ്ഞ് മുന്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 04, 06:52 am
Thursday, 4th August 2022, 12:22 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍താരങ്ങളിലൊരാളാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കറായ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ. അദ്ദേഹത്തിന് യുണൈറ്റഡില്‍ തുടരാന്‍ താലപര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യു.സി.എല്‍ കളിക്കാന്‍ യോഗ്യതയില്ലാത്തതിനാലാണ് അദ്ദേഹത്തിന് യുണൈറ്റഡില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്തത്. എന്നാല്‍ അദ്ദേഹത്തിനെ മറ്റ് ക്ലബ്ബുകളൊന്നും ടീമിലെത്തിക്കാന്‍ തയ്യാറായില്ല. ഇത് കാരണം അദ്ദേഹം യുണൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു. യുണൈറ്റഡിന്റെ അവസാന പ്രാക്റ്റീസ് മത്സരത്തില്‍ അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ മത്സരത്തില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.

റൊണാള്‍ഡോ ഇനി യുണൈറ്റഡില്‍ കളിക്കില്ലെന്നാണ് മുന്‍ താരമായ ഫ്രാങ്ക് മക്അവെന്നി പറയുന്നത്. അദ്ദേഹത്തിന് ടീമില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും അവസാന നിമിഷം അദ്ദേഹം പോകുമെന്നും ഫ്രാങ്ക് പറയുന്നു.

പുതിയ കോച്ചിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ തിരിച്ചുവരവിന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്ക് ഒന്നും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുണൈറ്റഡില്‍ വര്‍ഷങ്ങളായിട്ട് കളിക്കുന്ന താരങ്ങള്‍ക്ക് പോലും എല്ലാ ആഴ്ചയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല എന്നും ഫ്രാങ്ക് കൂട്ടിച്ചേര്‍ത്തു.

‘പുതിയ മാനേജര്‍ അവരെ ഒരു ടീമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അവര്‍ അവിടെ പരീക്ഷിക്കപ്പെടുന്നു. വര്‍ഷങ്ങളായി യുണൈറ്റഡിലെ കളിക്കാര്‍ക്ക് ഇപ്പോഴും എല്ലാ ആഴ്ചയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. അവര്‍ ചിലപ്പോള്‍ നന്നായി കളിക്കും എന്നാല്‍ സ്ഥിരതയില്ല. നിങ്ങള്‍ യുണൈറ്റഡിനായി കളിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ഥിരത വേണം. ആരാധകര്‍ അത് ആവശ്യപ്പെടുന്നുണ്ട്,’ ഫ്രാങ്ക് പറഞ്ഞു.

റൊണാള്‍ഡോയുടെ കഴിവ് ഉപയോഗിക്കാന്‍ യുണൈറ്റഡിന് സാധിച്ചില്ലെന്നും. അദ്ദേഹത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ യുണൈറ്റഡില്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ റൊണാള്‍ഡോയുടെ വിഷയമായി ബന്ധപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് യുണൈറ്റഡില്‍ അരങ്ങേറുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അതെങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല. അദ്ദേഹം പോകുമെന്ന് ഞാന്‍ കരുതുന്നു. റോണോ ഇനി യുണൈറ്റഡിനായി കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഇനി ആ ജേഴ്സി അണിയുമെന്ന് എനിക്ക് പ്രതീക്ഷയില്ല. എങ്ങനെയാണ് യുണൈറ്റഡിന് റൊണാള്‍ഡോയുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയതെന്ന് എനിക്കറിയില്ല,’ ഫ്രാങ്ക് കൂട്ടിച്ചേര്‍ത്തു.

Content Highlights: Frank McAvennie says Cristiano Ronaldo will not play for Manchester United