മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് ഇംഗ്ലീഷ് പ്ലെയറായ ഹാരി മഗ്വയർ. യുണൈറ്റഡിന്റെ പ്രതിരോധ നിര താരമായിരുന്ന മഗ്വയറെ മിസ് പാസുകളുടെയും എതിർ ടീമംഗങ്ങൾക്ക് പോലും പന്ത് മിസ്സിലൂടെ നൽകുന്നതിന്റെ പേരിലാണ് യുണൈറ്റഡ് ആരാധകരടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
കൂടാതെ മോശം പ്രകടനത്തിന്റെ പേരിൽ മഗ്വയർക്ക് യുണൈറ്റഡ് ഫസ്റ്റ് ഇലവൻ ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.
കൂടാതെ മഗ്വയറെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തരത്തിലുള്ള ധാരാളം ട്രോളുകളും മറ്റുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഇതോടെ മഗ്വയറോട് തന്റെ പഴയ ക്ലബ്ബായ ലെസ്റ്റർ സിറ്റിയിലേക്ക് മടങ്ങിപ്പോവാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ വെസ്റ്റ് ഹാം മുന്നേറ്റ നിര സൂപ്പർ താരമായ ഫ്രാങ്ക് മക്ക്വനീ.
യുണൈറ്റഡിന്റെ ക്യാപ്റ്റനായിരുന്ന മഗ്വയറിന് ഇനി ടെൻ ഹാഗിന് കീഴിലുള്ള സ്‌ക്വാഡിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് താരത്തിനോട് ഓൾഡ് ട്രാഫോർഡ് വിടാൻ മക്ക്വനീ ഉപദേശിക്കുന്നത്.
ലെസ്റ്ററിലേക്ക് മടങ്ങിപ്പോവാൻ സാധിച്ചാൽ താരത്തിന് തന്റെ മികവിലേക്ക് മടങ്ങിയെത്താൻ സാധിച്ചേക്കുമെന്നും മക്ക്വനീ അഭിപ്രായപ്പെട്ടു.
ഫുട്ബോൾ ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ് മഗ്വയറെക്കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം തുറന്ന് പറഞ്ഞത്.
“മഗ്വയർ ലെസ്റ്ററിലേക്ക് തന്നെ തിരികേ പോവണം. യുണൈറ്റഡിൽ ലഭിച്ചതിന്റെ പകുതി പ്രതിഫലമെങ്കിലും അദ്ദേഹത്തിന് ലെസ്റ്റർ സിറ്റിയിൽ നിന്നും ലഭിക്കും. അദ്ദേഹം അവിടെ ഒരു മികച്ച താരമായിരുന്നു.
അതിനാൽ അവിടേക്ക് തിരിച്ചെത്തിയാലും മഗ്വയർക്ക് തന്റെ മികവ് തുടരാൻ സാധിച്ചേക്കാം. ചില താരങ്ങൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെപ്പോലുള്ള വലിയ ക്ലബ്ബുകളുടെ ജേഴ്സി വലിയ സമ്മർദം നൽകിയേക്കാം. മഗ്വയർ യുണൈറ്റഡ് വിട്ട് തിരിച്ച് ലെസ്റ്ററിലേക്ക് ചെല്ലുന്നത് നാണക്കേടായൊന്നും കാണേണ്ടതില്ല.
യുണൈറ്റഡിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്നയിടത്തേക്ക് മഗ്വയർ മാറണം,’ ഫ്രാങ്ക് മക്ക്വനീ പറഞ്ഞു.
കൂടാതെ ഇംഗ്ലണ്ട് ടീമിൽ മഗ്വയർ നന്നായി കളിക്കുമ്പോൾ തന്നെ യുണൈറ്റഡിൽ താരം നിറം മങ്ങുന്നത്, മാൻ യുണൈറ്റഡ് മഗ്വയർക്ക് പറ്റിയ ക്ലബല്ല എന്നതിന്റെ സൂചന കൂടിയാണെന്നും ഫ്രാങ്ക് മക്ക്വനീ കൂട്ടിച്ചേർത്തു.
അതേസമയം ഈ സീസണിൽ ഇതുവരെ 12 തവണ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ മഗ്വയർ മൈതാനത്തിറങ്ങിയത്.
നിലവിൽ പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏപ്രിൽ രണ്ടിന് ന്യൂ കാസിൽ യുണൈറ്റഡിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Frank McAvennie said Harry Magueire to leave manchester united