കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. ടീമില്‍ അഴിച്ചുപണി നടക്കുന്ന സാഹചര്യങ്ങളില്‍ ഇതുവരെ ഒരു നല്ല സൈനിങ് പോലും നടത്താന്‍ സാധിച്ചിട്ടില്ല.
പോള്‍ പോഗ്ബ, കവാനി, ലിങാര്‍ഡ്, ജുവാന്‍ മാറ്റ എന്നിവര്‍ ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇവര്‍ക്ക് പകരം നല്ല കളിക്കാരേയൊന്നും ഇതുവരെ യുണൈറ്റഡ് സൈന്‍ ചെയ്തിട്ടില്ല. ഈ കൊല്ലം ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യുണൈറ്റഡിന് സാധിക്കില്ല.
മാഞ്ചസ്റ്റര്‍ ടീമിലെത്തിക്കാന്‍ ഏറ്റവും അധികം ശ്രമിച്ചത് ബാഴ്‌സലോണയുടെ ഡച്ച് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ഡി ജോങിനെയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്വന്തമാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
എന്നാല്‍ ബാഴ്‌സയില്‍ തുടരാനാണ് താല്‍പര്യമെന്ന് താരം ഇരു ടീമിനെയും അറിയിച്ചതായ് റിപ്പോര്‍ട്ടുകളുണ്ട്. സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡച്ച് താരത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ബാഴ്സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ കരാര്‍ ധാരണയില്‍ എത്തിയെങ്കിലും കാറ്റലന്‍ ക്ലബ് വിടാന്‍ ഡി ജോങിന് താല്പര്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി സ്ഥാനം ഏറ്റെടുത്ത സമയം മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു ഡി ജോങ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ അതിനെ മറികടക്കാന്‍ താരത്തെ വില്‍ക്കാനും ഒരുക്കമായിരുന്നു. എന്നാല്‍ ബാഴ്സലോണയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്ന് ഡി ജോങ് രണ്ട് ക്ലബുകളെയും അറിയിച്ചുവെന്ന് കാറ്റലന്‍ മാധ്യമം സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബാഴ്സലോണയില്‍ തന്നെ തുടരാനുള്ള ഡി ജോങിന്റെ താല്‍പര്യത്തില്‍ അസാധാരണമായി യാതൊന്നും തന്നെയില്ല. അയാക്സില്‍ നിന്നും ബാഴ്സലോണയില്‍ എത്തിയപ്പോള്‍ തന്നെ കാറ്റലന്‍ ക്ലബിന്റെ ജേഴ്സിയണിയുകയെന്ന സ്വപ്‌നം തനിക്ക് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരമാണ് ഡി ജോങ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഭ്യൂഹങ്ങള്‍ ശക്തമായ സമയത്തും ബാഴ്സലോണയില്‍ തന്നെ തുടരണം എന്നു താരം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം താരത്തിന്റെ തീരുമാനം ബാഴ്സലോണക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കനത്ത തിരിച്ചടി നല്‍കുന്നതാണ്. ലെവന്‍ഡോസ്‌കിയടക്കമുള്ള താരങ്ങളെ സ്വന്തമാക്കാന്‍ വമ്പന്‍ തുക പ്രതിഫലമായി വാങ്ങുന്ന ഡി ജോങിനെ വില്‍ക്കേണ്ടത് ബാഴ്സലോണക്ക് അനിവാര്യമാണ്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സംബന്ധിച്ച് ടെന്‍ ഹാഗിന്റെ അടുത്ത സീസണിലെ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ലക്ഷ്യം വെച്ച താരമായിരുന്നു ഡി ജോങ്.