അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താത്തതില്‍ നിരാശ രേഖപ്പെടുത്തി ബാഴ്‌സലോണ താരം ഫ്രെങ്കി ഡി ജോങ്. മെസി ക്ലബ്ബില്‍ തിരികെയെത്താതിരുന്നത് നാണക്കേടാണെന്നും അദ്ദേഹത്തോടൊപ്പം ബാഴ്‌സയില്‍ കളിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഡി ജോങ് പറഞ്ഞു. ഡച്ച് ഔട്ട്‌ലെറ്റായ ടെലഗ്രാഫിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എനിക്ക് തോന്നുന്നു എല്ലാവരും മെസി തങ്ങളുടെ ടീമില്‍ കളിക്കണമെന്ന് ആഗ്രഹിക്കുമെന്ന്. കാരണം, അദ്ദേഹം എല്ലായിടത്തും എല്ലായിപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്നു.
മെസി തിരിച്ച് ബാഴ്‌സയിലേക്ക് വരാത്തത് വലിയ നാണക്കേടായിട്ടാണ് തോന്നുന്നത്. അദ്ദേഹം തിരികെ വരണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. ആരൊക്കെ ക്ലബ്ബ് വിടുമെന്നും ആരൊക്കെ ക്ലബ്ബിലേക്ക് വരുമെന്നും കാത്തിരുന്ന് കാണാം,’ ഡി ജോങ് പറഞ്ഞു.
ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി എം.എല്‍.എസ്.ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് പോകാനൊരുങ്ങുകയാണ്. ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ താരം തന്നെയാണ് അമേരിക്കന്‍ ക്ലബ്ബുമായി സൈനിങ് നടത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്തുക. നിലവില്‍ ലീഗില്‍ 15ാം സ്ഥാനത്ത് തുടരുന്ന ഇന്റര്‍ മിയാമിയെ ടോപ്പിലെത്തിക്കാന്‍ മെസിക്ക് സാധിക്കുമെന്നാണ് പ്രമുഖ ഫുട്ബോള്‍ താരങ്ങളടക്കം പലരുടെയും വിലയിരുത്തല്‍.