ന്യൂദല്‍ഹി: റാഫേല്‍ ഇടപാടിലെ വെളിപ്പെടുത്തലില്‍ മലക്കംമറിഞ്ഞ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട്. റിലയന്‍സിന്റെ കാര്യത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും റാഫേല്‍ കമ്പനിയാണ് അക്കാര്യം വിശദീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഫ്രാന്‍സിലെ ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യയാണെന്ന് ഹോളണ്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ പ്രസ്താവനയെ വിശദീകരിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് കാനഡയില്‍ വെച്ച് നല്‍കിയ അഭിമുഖത്തില്‍ റിലയന്‍സിനെ തെരഞ്ഞെടുക്കുന്നതില്‍ ഫ്രാന്‍സിന് ഒരു നിലപാടുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായോ എന്ന ചോദ്യത്തിന് ഇക്കാര്യം തനിക്ക് അറിയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് ദസോള്‍ട്ട് കമ്പനിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം റാഫേല്‍ ഇടപാടില്‍ റിലയന്‍സിന് തെരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
WATCH THIS VIDEO: