മലയാളത്തില്‍ ഒരു പക്ഷേ ഏറ്റവുമധികം ഹിറ്റായ ആല്‍ബങ്ങളിലൊന്നാണ് ‘ചെമ്പകമേ’. പ്രത്യേകിച്ചും 90 സ് കിഡ്‌സിന്റെ നോസ്റ്റാള്‍ജിയ ആണ് ചെമ്പകമേ. ഇതിനു ശേഷം ആല്‍ബങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു മലയാളത്തില്‍.
ആല്‍ബത്തിലെ സുന്ദരിയെ വാ, മേലേ മാനത്ത്, ചെമ്പകമേ എന്നീ ഗാനങ്ങള്‍ ഇപ്പോഴും പലരുടെയും ഫവറൈറ്റ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചെമ്പകമേ ആല്‍ബത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ ഫ്രാങ്കോ പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി പാട്ടുകള്‍ പാടിയിരുന്നു. എങ്കിലും അദ്ദേഹത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ ആദ്യം കടന്നുവരുന്ന ഗാനങ്ങള്‍ ചെമ്പകമേ ആല്‍ബത്തിലേതായിരുന്നു.
എന്നാല്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഈ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും മുന്നോട്ട് വന്നില്ലെന്ന് പറയുകയാണ് ഫ്രാങ്കോ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആല്‍ബത്തിന്റെ റിലീസ് സമയത്ത് നേരിട്ട് വെല്ലുവിളികള്‍ ഫ്രാങ്കോ പറഞ്ഞത്.
‘ജീവിതം മാറ്റിമറിച്ച ഗാനങ്ങളാണ് സുന്ദരിയേ വാ, ചെമ്പകമേ..എന്നിവ. ഈ ഗാനങ്ങളുടെ റിലീസിന് ശേഷമാണ് മ്യൂസിക് പ്രൊഫഷന്‍ ഉപയോഗിച്ച് ഒരു കുടുംബം പുലര്‍ത്താമെന്ന അവസ്ഥ വന്നത്. ഈ പാട്ടുകള്‍ എനിക്ക് തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇപ്പോഴും ഇവയില്‍ ഒരു പാട്ട് പാടാതെ വേദി ഒഴിയാനും കഴിയില്ല,’ ഫ്രാങ്കോ പറഞ്ഞു.
‘ആല്‍ബത്തിന്റെ കംപോസിങ് സെഷനിലും പ്രോഗ്രാമിങ് സെഷനിലും പങ്കെടുത്തിട്ടുണ്ട്. അതിനെ കുറിച്ച് ഒരുപാട് നല്ല ഓര്‍മകളുണ്ട്. ആ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും തയ്യാറായിരുന്നില്ല. സീനിയറായ ഗായകര്‍ പാടിയ ആല്‍ബങ്ങള്‍ക്കായിരുന്നു അന്ന് മാര്‍ക്കറ്റ് എന്നതായിരുന്നു കാരണം.
പരിചയസമ്പത്തേറിയ ഗായകര്‍ക്ക് പകരം ഫ്രാങ്കോ എന്ന ഗായകനെ പരിഗണിച്ച ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകരോട് എന്നും കടപ്പാടുണ്ട്. കാരണം ഫ്രാങ്കോ എന്ന ഗായകന്റെ വളര്‍ച്ചയ്ക്ക് ‘ചെമ്പകമേ’യിലെ ഗാനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെമ്പകമേ ഫ്രാങ്കോയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റായി. ശ്യാം ധര്‍മ്മനായിരുന്നു ആല്‍ബത്തിന്റെ സംഗീതസംവിധായകന്‍. റാം സുരേന്ദര്‍ പ്രോഗ്രാമിങ് ചെയ്ത ഗാനങ്ങള്‍ രചിച്ചത് രാജു രാഘവായിരുന്നു. പ്രതീക്ഷകള്‍ക്കമപ്പുറമുള്ള ജനപ്രീതിയിലേക്കാണ് ആല്‍ബം പോയത്.
ആല്‍ബത്തിന്റെ വിജയത്തോടെ ഫ്രാങ്കോയ്ക്ക് കൈനിറയെ അവസരങ്ങളും കിട്ടി. തിരക്കേറിയപ്പോഴാണ് സെവന്‍ ഡിജിറ്റല്‍ എന്ന സ്റ്റുഡിയോ ഫ്രാങ്കോ ആരംഭിച്ചത്. കുറേയേറെ പാട്ടുകള്‍ സെവന്‍ ഡിജിറ്റലില്‍ തന്നെ റെക്കോഡ് ചെയ്യാന്‍ സാധിച്ചു.
ഔസേപ്പച്ചന്റെ സഹോദരീപുത്രന്‍ കൂടിയായ ഫ്രാങ്കോയ്ക്ക് നിരവധി സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവുമുണ്ട്.
അമേരിക്കയിലെ ലോസ് ആഞ്ജലീസില്‍ പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കുകയാണിപ്പോള്‍. മുമ്പേ തന്നെ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിനോടൊപ്പം കഴിയാന്‍ ഒരു കൊല്ലം മുമ്പാണ് ഫ്രാങ്കോ യുഎസിലേക്ക് പോയത്. സര്‍വീസില്‍ ഒരു കൊല്ലം തികയുന്നതിന് മുമ്പ് തന്നെ ജോലിയില്‍ സ്ഥിരനിയമനവും ലഭിച്ചു.
മറ്റൊരു കരിയര്‍ തിരഞ്ഞെടുത്തെങ്കിലും യു.എസിന്റെ വിവിധ ഭാഗങ്ങളിലെ വേദികളിലൂടെ ഫ്രാങ്കോ ഇപ്പോഴും സംഗീതലോകത്ത് സജീവമാണ്. ലോസ് ആഞ്ജലിസിലെ ജീവിതവുമായി പതിയെ പൊരുത്തപ്പെട്ടു വരികയാണെന്നും, നാടിനെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: franco shares his experience of challanges regarding the release of chembakame album