| Thursday, 20th September 2018, 9:18 am

മൊഴികളില്‍ വൈരുദ്ധ്യം: ചോദ്യം ചെയ്യല്‍ 11 മണിക്ക്: ഫ്രാങ്കോയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്റ്റെന്ന് സൂചന.

ബുധനാഴ്ച പോലീസ് ഏഴു മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യംചെയ്യല്‍. ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പോലീസ് നോട്ടീസ് നല്കിയിരിക്കുന്നത്.


Read Also : വീടുകളില്‍ നിന്ന് മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണം; മധ്യപ്രദേശ് ഹൈക്കോടതി


ആദ്യ ദിവസം നല്കിയ മൊഴികള്‍ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.

തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉപയോഗിച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടായേക്കും.

ലൈംഗികാരോപണക്കേസില്‍ ഇന്ത്യയില്‍ ഒരു ബിഷപ്പ് ഇങ്ങനെ ചോദ്യംചെയ്യപ്പെടുന്നത് ആദ്യമായാണ്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്.പി. ഓഫീസില്‍ എത്തിയത്. രൂപതാ പി.ആര്‍.ഒ. ഫാ. പീറ്റര്‍ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു.

വൈകീട്ട് 6.25-ന് വിട്ടയച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്.പി. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

We use cookies to give you the best possible experience. Learn more