തൃപ്പൂണിത്തുറ: കന്യാസ്ത്രീയ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലില്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ഫ്രാങ്കോ മുളയ്ക്കല്‍.
സംഭവം നടന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല. മെയ് 5 ന് കുറുവിലങ്ങാട് പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ലെന്നും കന്യാസ്ത്രീയുടെ വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ പറയുന്നത്.
ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടു. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീളുമെന്നാണ് പൊലീസ് പറയുന്നത്. തൃപ്പൂണിത്തുറ ഹൈടെക് ഓഫീസില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ആധുനിക സംവിധാനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യല്‍ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ചോദ്യം ചെയ്യാനായി അഞ്ച് ക്യാമറകള്‍ മുറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴിയോടൊപ്പം മുഖഭാവങ്ങളും ചിത്രീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബ്ബില്‍ പ്രത്യേകമായി സജ്ജീകരിച്ച മുറിയിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി രണ്ട് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യത്തെ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖമിരുന്ന് ബിഷപ്പിന്റെ മൊഴിയെടുക്കും രണ്ടാമത്തെ മുറിയിലിരിക്കുന്ന സംഘം ബിഷപ്പിന്റെ മുഖഭാവങ്ങള്‍ പരിശോധിക്കും.
മുമ്പ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതും ഇതേ സ്ഥലത്തുവെച്ചാണ്. ഇവിടെവെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയാണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്.