തന്നെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട്; ജയിലില്‍ ധ്യാനത്തിന് പോയ വികാരമായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
Nun abuse case
തന്നെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട്; ജയിലില്‍ ധ്യാനത്തിന് പോയ വികാരമായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd October 2018, 11:09 am

ജലന്ധര്‍: പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെയും സമരംനടത്തിയ സിസ്റ്റര്‍മാരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും സമ്മര്‍ദ്ദം കൊണ്ടാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ജയിലില്‍ ധ്യാനത്തിന് പോയ അനുഭവമായിരുന്നുവെന്നും ജാമ്യം ലഭിച്ചത് അദ്ഭുതം സംഭവിച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

ഒക്ടോബര്‍ 19ന് രാജ്യത്തെ മറ്റു ബിഷപ്പുമാര്‍ക്ക് എഴുതിയ കത്തിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ജയിലിനകത്ത് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരിന്നില്ലെന്ന് പറയുന്ന മുളയ്ക്കല്‍ ജയില്‍വാസം 21 ദിവസത്തെ ധ്യാനം പോലെയായിരുന്നുവെന്ന് പറയുന്നു. കൂടുതല്‍ സമയങ്ങളിലും പ്രാര്‍ത്ഥനയിലും ദൈവവചനങ്ങള്‍ ചൊല്ലിയും ധ്യാനത്തിലുമായിരുന്നുവെന്നും കത്തില്‍ പറയുന്നു.

കേസില്‍ ജാമ്യം കിട്ടിയത് അദ്ഭുതമാണെന്നും ഇതുപോലുള്ള കേസുകളില്‍ ജാമ്യം കിട്ടുക എളുപ്പമല്ലെന്നും കത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തടവിലായിരുന്നപ്പോള്‍ പിന്തുണ നല്‍കിക്കൊണ്ട് ബിഷപ്പുമാരും പുരോഹിതന്മാരും രാഷ്ട്രീയനേതാക്കളുമടക്കം നിരവധി പേര്‍ വന്നിരുന്നുവെന്നും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്വാഗതം ചെയ്യാനായി കൊന്തയേന്തി ആയിരങ്ങളാണ് എത്തിയതെന്നും കത്തില്‍ പറയുന്നു.