കോട്ടയം:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ ഫ്രാങ്കോ ഹാജരാക്കിയ രേഖകള്‍ വ്യാജമെന്ന് അന്വേഷണ സംഘം സ്ഥിതീകരിച്ചു. ഈ സാഹചര്യത്തില്‍ ജലന്ധറിലെത്തി വീണ്ടും തെളിവെടുക്കാനാണ് അന്വേഷണസംഘത്തിന്‌റെ തീരുമാനം
കന്യാസ്ത്രീയുടെ പരാതിയില്‍ നടക്കുന്ന അന്വേഷണത്തിന് ഇത് ഏറെ ഗുണം ചെയ്യും. മുന്‍ ബിഷപ്പിന്‌റെ ലൈംഗികശേഷിയുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയിലാണ് വ്യക്തമായത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ഡെക്ടര്‍ ജെയിംസ് കുട്ടിയാണ് പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറിയത്.
ഇതോടൊപ്പം ഫ്രാങ്കോ കൈമാറിയ രേഖകളില്‍ ഭൂരിഭാഗവും വ്യാജമെന്ന് അന്വേഷണ സമഘം കണ്ടെത്തി. ലൈംഗികാരോപണം ഉയരുന്നതിന് മുന്‍പ് കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തെന്ന് കാട്ടി ഹാജരാക്കിയ രേഖകളും വ്യാജമെന്ന് ഇതോടെ തെളിഞ്ഞു.
ഇതിനിടെ ഇരയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒ. സിസ്റ്റര്‍ അമലയ്ക്ക് കുറുവിലങ്ങാട് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് നോട്ടീസ്. അറസ്റ്റിലായതോടെ അന്വേഷണം കൂടതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം