കൊച്ചി: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിചാരണക്കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീയും അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോട്ടയം വിചാരണക്കോടതിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നത്. ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഡി.ജി.പി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വന്നതിന് പിന്നാലെ തന്നെ അപ്പീല്‍ പോകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. കൃത്യമായി അന്വേഷണം നടത്തി തെളിവുകള്‍ കൈമാറിയെന്ന് അവകാശപ്പെട്ടിട്ടും വിധി തിരിച്ചടിയായതോടെയായിരുന്നു അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകാനുള്ള പൊലീസിന്റെ നീക്കം.
കേസിലെ ഉത്തരവ് പരിശോധിച്ച ശേഷം കേസില്‍ അപ്പീല്‍ പോകാനുള്ള ന്യായങ്ങളുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നത്.
ഇപ്പോള്‍ ആഭ്യന്തര വകുപ്പാണ് അപ്പീല്‍ പോകാനായി എ.ജിയെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയും ഹൈക്കോടതിയില്‍ പോകാന്‍ ഒരുങ്ങുകയാണ്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്. ജനുവരി 14നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതി വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറായിരുന്നു വിധി പുറപ്പെടുവിച്ചത്.
നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ പ്രധാനമായും ഏഴ് കുറ്റങ്ങളായിരുന്നു ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്.
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍.