Nun abuse case
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 22, 02:53 am
Saturday, 22nd September 2018, 8:23 am

കോട്ടയം: വൈദ്യപരിശോധ നടത്തി ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കോട്ടയം മെഡി. കോളജാശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്.

ബിഷപ്പിന് അരമണിക്കൂറിനകം ആശുപത്രി വിടാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍നിന്ന് കോട്ടയം പോലീസ് ക്ലബ്ബിലേക്കാണ് ബിഷപ്പിനെ കൊണ്ടു പോവുക. ശേഷം പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും.

ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് ഇന്നലെ പൊലീസ് പറഞ്ഞിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.

കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.