റോം: ഗസയിലെ യുദ്ധം ഉടനെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ സന്ദേശത്തിലാണ് മാര്‍പാപ്പ ഈ കാര്യം ആവശ്യപ്പെട്ടത്.
ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും എല്ലാ ഇസ്രഈലി ബന്ദികളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സില്‍ നടന്ന കുര്‍ബാനക്ക് നേതൃത്വം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഗസയിലേക്ക് മാനുഷിക സഹായം ഉറപ്പാക്കാന്‍ താന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ നടത്താനും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം എപ്പോഴും പരാജയമാണെന്നും പുഞ്ചിരിക്കാന്‍ മറന്ന യുദ്ധഭൂമിയിലെ കുട്ടികളുടെ കണ്ണുകളില്‍ കഷ്ടപ്പാടുകള്‍ കാണണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ മരണങ്ങളും നാശവും എന്തിനുവേണ്ടിയെന്നും അദ്ദേഹം ചോദിച്ചു.
‘യൂറോപ്പിലും മെഡിറ്ററേനിയന്‍ പ്രദേശത്തും യുദ്ധക്കാറ്റ് വീശാന്‍ അനുവദിക്കരുത്. നാം ആയുധങ്ങളുടെ യുക്തിക്ക് വഴങ്ങരുത്. സമാധാനം ആയുധങ്ങള്‍ കൊണ്ടല്ല വേണ്ടത്. പകരം നീട്ടിയ കൈകളാലും തുറന്ന ഹൃദയങ്ങളാലുമാണ് സമാധാനം സൃഷ്ടിക്കപ്പെടേണ്ടത്,’ മാര്‍പാപ്പ പറഞ്ഞു.
ഹെയ്തികളുടെയും രോഹിങ്ക്യന്‍മാരുടെയും ദുരിതങ്ങളെ കുറിച്ചും മാര്‍പാപ്പ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അദ്ദേഹത്തിന്റെ ഈസ്റ്റര്‍ സന്ദേശം കേള്‍ക്കാന്‍ നിരവധിയാളുകളാണ് സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്.
അനാരോഗ്യം കാരണം മാര്‍പാപ്പ ദുഃഖവെള്ളി ദിവസം കൊളോസിയത്തില്‍ നടക്കാറുള്ള കുരിശിന്റെ വഴിയില്‍നിന്ന് വിട്ടു നിന്നിരുന്നു.
CONTENT HIGHLIGHT: Francis Marpappa Calls For Gaza Ceasefire