| Wednesday, 10th January 2024, 11:38 pm

'അതെന്താ ഞാൻ കാണേണ്ടേ? ഈ പടത്തിന്റെ പ്രൊഡ്യൂസർ ഞാനല്ലേ' എന്ന് മമ്മൂക്ക; ആ സീനൊക്കെ എയർഡ്രോപ് ചെയ്തു വാങ്ങിച്ചു: ഫ്രാൻസിസ് ലൂയിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കൊള്ളാമെന്ന് പറഞ്ഞ ജിയോ ബേബിയുടെ ടെക്‌നീഷൻമാരിൽ ഒരാളാണ് എഡിറ്റർ ഫ്രാൻസിസ് ലൂയിസ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലും കാതൽ ദി കോറിലും ജിയോക്കൊപ്പം ഫ്രാൻസിസും ചിത്രത്തിൽ ഉണ്ടായിരുന്നു. ആദ്യമായി താൻ എഡിറ്റ് ചെയ്ത കാതലിലെ ഒരു ഭാഗം മമ്മൂട്ടിക്ക് കാണിക്കാൻ പോയ അനുഭവം പങ്കുവെക്കുകയാണ് ഫ്രാൻസിസ് ലൂയിസ്.

സീനൊക്കെ കണ്ടപ്പോൾ മമ്മൂട്ടിയുടെ മുഖത്ത് ഒരു ചിരി വന്നെന്നും അത് തനിക്ക് ആശ്വാസമായെന്നും ഫ്രാൻസിസ് പറഞ്ഞു. എന്നാൽ മമ്മൂട്ടിയുടെ സീൻ കഴിഞ്ഞപ്പോൾ ബാക്കി തങ്കേന്റേതാണെന്ന് പറഞ്ഞപ്പോൾ ‘അതെന്താ ഞാൻ കാണേണ്ടേ? ഞാൻ ഈ പടത്തിന്റെ പ്രൊഡ്യൂസറാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യമെന്നും ഫ്രാൻസിസ് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ലൂയിസ്.

‘പ്രൊഡക്ഷനിൽ നിന്നാണ് പറയുന്നത് മമ്മൂക്ക വന്നിട്ടുണ്ട് കാണണമെന്ന്. അപ്പോൾ എന്റെയടുത്ത് ജിയോ ബേബിയുണ്ട്. ഒരു ധൈര്യത്തിന് ഞാൻ കൂടെ വരാം എന്ന് ജിയോ പറഞ്ഞു. മമ്മൂക്ക കാലിന് മേൽ കാൽ കയറ്റിവെച്ച് ഇങ്ങനെ ഇരിക്കുകയാണ്. നമ്മുടെ മുമ്പിൽ നിന്ന് മാത്യു ആയിട്ടാണ് കാരവനിലേക്ക് പോയത്. പക്ഷേ അവിടെ ചെല്ലുമ്പോൾ മമ്മൂട്ടിയായിട്ടാണ് ഇരിക്കുന്നത്. നല്ല വ്യത്യാസമുണ്ട്.

അവിടെ എത്തിയിട്ട് ലാപ് കൊടുക്കുന്നു, പ്ലേ ചെയ്തു കാണിക്കുന്നു. പുള്ളി ആദ്യമായിട്ടാണ് ചിത്രത്തിന്റെ വിഷ്വൽ കാണുന്നത്. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ പുള്ളിയുടെ മുഖത്ത് ഒരു ചിരി വന്നു. കുട്ടിത്തം ഉള്ള ഒരു ചിരി കണ്ടപ്പോൾ സമാധാനമായി എന്ന് വിചാരിച്ച് ജിയോ ചേട്ടനെ നോക്കി. പുള്ളിക്ക് അത് വർക്ക് ആയി. അപ്പോൾ തന്നെ എയർഡ്രോപ്പ് ചെയ്ത് കുറച്ച് സീൻസ് ഒക്കെ വാങ്ങിച്ചു.

ഫസ്റ്റ് മമ്മൂക്ക കണ്ടത് ക്യാമ്പസിലെ മകളുമായിട്ടുള്ള ആ സീൻ ആയിരുന്നു. രണ്ടുമൂന്നു സീൻ കഴിഞ്ഞപ്പോൾ ബാക്കി തങ്കന്റേതാണെന്ന് പറഞ്ഞപ്പോൾ ‘അതെന്താ ഞാൻ കാണണ്ടേ? ഞാൻ ഈ സിനിമയുടെ പ്രൊഡ്യൂസർ ആണെന്ന്’ പറഞ്ഞു ( ചിരി). എന്നിട്ട് ചില സീനൊക്കെ അയർഡ്രോപ് ചെയ്ത് കുറച്ച് ഫയൽസൊക്കെ വാങ്ങിച്ചു. എന്നിട്ട് ‘വീട്ടിൽ കുറച്ച് പ്രൊഡ്യൂസേഴ്സ് എല്ലാവരെയും കൂടെ കാണിക്കട്ടെ’ എന്നുകൂടെ മമ്മൂക്ക പറഞ്ഞു,’

Content Highlight: Francis Louis about mammootty

We use cookies to give you the best possible experience. Learn more