| Monday, 13th September 2021, 3:11 pm

അള്‍ത്താരയെ നിയന്ത്രിക്കുന്ന കാവിച്ചരടുകള്‍

ഫ്രാന്‍സിസ് ജോസ്

കേരളത്തില്‍ ഹിന്ദു വര്‍ഗീയത വിലപ്പോകുന്നില്ലെന്ന് മനസ്സിലാക്കിയ സംഘപരിവാര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗീകരണത്തിലാണ്. അതിനുള്ള ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സഭാ നേതൃത്വം വിശ്വാസികളില്‍ വര്‍ഗീയ വിഷം നിറയ്ക്കുന്ന കാഴ്ചകളാണിപ്പോള്‍ അടുത്തിടെ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിലായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിദ്വേഷ പ്രസ്താവനയാണ് വിവാദമായിട്ടുള്ളത്. ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലഹരി നല്കിയുള നാര്‍ക്കോട്ടിക് ജിഹാദ് കേരളത്തില്‍ നടക്കുന്നതായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യാതൊരു തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനം ഇല്ലാതെ നടത്തിയ, ഒരു മതവിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ ലക്ഷ്യം വച്ചുള്ള ഗുരുതരമായ ഈ ആരോപണം തികച്ചും ദുരുദ്ദേശപരമാണ്.

അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ബോധ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട നിയമ സംവിധാനങ്ങളെ സമീപിച്ച് തനിക്കറിയാവുന്ന വിവരങ്ങള്‍ കൈമാറുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കൈവശം തെളിവുകളൊന്നുമില്ലാതെ മതവിദ്വേഷം പരത്തുന്നതിനായി നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും, സമൂഹത്തില്‍ വെറുപ്പു വിതച്ചുകൊണ്ട് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളോട് ഇവിടുത്തെ സഭാ നേതൃത്വം നൂറു ശതമാനം കൂറ് പുലര്‍ത്തുന്നത് പകല്‍ പോലെ വ്യക്തമാവുകയാണ്.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

അന്ധമായ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിനുള്ള ഒരവസരവും ഇവിടെ ഒഴിവാക്കപ്പെടുന്നില്ല. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെക്കാള്‍ മുസ്‌ലിങ്ങളെ അനുകൂലിക്കുന്നു എന്നതായിരുന്നു ഏറെ ചര്‍ച്ച ചെയ്യപെട്ട ഒരു പ്രധാന ആരോപണം. ഭൂരിപക്ഷാധികാര ഘടനയാല്‍ ദുര്‍ബലമായി തീര്‍ന്ന അല്ലെങ്കില്‍ ഭീഷണി നേരിടുന്ന ഒരു സമൂഹത്തെ ന്യൂനപക്ഷാവകാശങ്ങള്‍ക്ക് അര്‍ഹരായിക്കാണുന്നതിനുപകരം, ന്യൂനപക്ഷമെന്നതിനെ തികച്ചും സംഖ്യാടിസ്ഥാനത്തില്‍ മാത്രം പരിഗണിച്ചു കൊണ്ടാണ് ഇത്തരം അവകാശ വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. കേരള സമൂഹത്തിലെ ഏറ്റവും പ്രിവിലേജുള്ളവരില്‍ ഒരു വിഭാഗമായിരുന്നിട്ടും, സിറോ മലബാര്‍ കത്തോലിക്കാ സഭ, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുന്നത് എന്ത് നീതി ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല.

കേന്ദ്ര – സംസ്ഥാന നിയമ നിര്‍വഹണ ഏജന്‍സികള്‍ ആവര്‍ത്തിച്ച് അന്വേഷിച്ചിട്ടും തെളിവുകളൊന്നും കണ്ടെത്തിയില്ലെങ്കിലും, ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനുള്ള ‘ലവ് ജിഹാദ്’ ക്യാംപയിനുകളെക്കുറിച്ച് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള കുപ്രചാരണങ്ങളില്‍ ഇന്നും യാതൊരു കുറവുമുണ്ടായിട്ടില്ല! പുരോഹിതരും അല്‍മായ നേതാക്കളും, പെണ്‍മക്കളെ അത്തരം ‘ലവ് ജിഹാദ്’ കെണികളില്‍ വീഴാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിരന്തരം ഉപദേശങ്ങള്‍ നല്‍കി വിദ്വേഷം ജനിപ്പിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.

നേരത്തെ ഹലാല്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റെസ്റ്റോറന്റുകളും കടകളും ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിവിധ ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രചാരണങ്ങളിലും തെളിഞ്ഞു കണ്ടത് കറതീര്‍ന്ന വര്‍ഗീയതയല്ലാതെ മറ്റൊന്നുമല്ല.

ഇപ്പോള്‍ കുറുവിലങ്ങാട് മഠത്തിലെ വൈദികന്‍ പ്രസംഗത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സിസ്റ്റര്‍ അനുപമയുള്‍പ്പെടെയുളള കന്യാസ്ത്രീകള്‍ കുര്‍ബാനയ്ക്കിടെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് ചര്‍ച്ചയായിരിക്കുകയാണ്. ഫ്രാങ്കോയ്‌ക്കെതിരായ സമരത്തിന് നേതൃത്വം നല്കിയ ആളാണ് സിസ്റ്റര്‍ അനുപമ. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് വൈദികന്‍ നടത്തിയതെന്നും മുസ്‌ലിങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു പരാമര്‍ശമെന്നുമാണ് സിസ്റ്റര്‍ അനുപമ ഇതേക്കുറിച്ച് പറഞ്ഞത്.

സിസ്റ്റര്‍ അനുപമയുടെ വാക്കുകള്‍:- ”ക്രിസ്തു പഠിപ്പിച്ചത് വര്‍ഗീയത വിതയ്ക്കാന്‍ അല്ലല്ലോ. മറ്റുള്ളവരെ സ്നേഹിക്കാനും ഒത്തൊരുമിച്ച് പോകാനുമാണ് പഠിപ്പിച്ചത്. ക്രിസ്തുമാര്‍ഗത്തില്‍ നിന്ന് എതിരായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതെ ഇരിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ മരുന്ന് വാങ്ങിക്കുന്ന ഡോക്ടര്‍മാരില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുണ്ട്. സുരക്ഷ നല്‍കുന്ന പൊലീസുകാരില്‍ മുസ്‌ലിങ്ങളുണ്ട്. അവരില്‍ നിന്ന് മറ്റ് സംസാരങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. പിന്നെ ഞങ്ങള്‍ എന്തിനിത് കേട്ടു കൊണ്ടിരിക്കണം.’

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

മറ്റൊരു വശത്ത് സഭയിലെ ജീര്‍ണ്ണതകളെ ചൂണ്ടിക്കാണിക്കുന്നവരും അതിനെതിരെ പ്രതികരിക്കുന്നവരും സംഘടിതമായി ആക്രമിക്കപ്പെടുകയാണ്. പുരോഹിതന്മാര്‍ക്കിടയിലെ ബലാല്‍സംഗ വീരന്മാര്‍ക്കും കൊലപാതകികള്‍ക്കും കൊളളക്കാര്‍ക്കും വേണ്ടി അള്‍ത്താരയില്‍ കയറി നിന്ന് കപട ന്യായീകരണങ്ങള്‍ നിരത്തുന്ന പുഴുക്കുത്തുകളില്‍ നിന്നും വ്യത്യസ്തനായി, അന്തസ്സോടെ നട്ടെല്ല് നിവര്‍ത്തി ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ പോലെയാകണമെന്ന് പറഞ്ഞ ജയിംസ് പനവേല്‍ അച്ചന്‍ വര്‍ഗീയവാദികളാല്‍ സൈബര്‍ ആക്രമണത്തിനും ആക്ഷേപങ്ങള്‍ക്കും ഇരയാക്കപ്പെട്ടത് ഈ സംവിധാനത്തിന്റെ ഇന്നത്തെ നിലവാരത്തകര്‍ച്ചയെയും ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വന്നു ചേര്‍ന്നിട്ടുള്ള ശോഷണത്തെയും വ്യക്തമാക്കി തരുന്നുണ്ട്.

ആത്മീയതയെന്നാല്‍ മനുഷ്യനെ സ്നേഹിക്കലാണെന്നും ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണെന്നും പ്രസംഗിച്ച പനവേല്‍ അച്ചനെപ്പോലുള്ളവരെ വിമര്‍ശിക്കുന്നവരുടെ മനസ്സിലുള്ളത് ദുരുദ്ദേശം മാത്രമാണെന്നത് സുവ്യക്തം. മാനവികതയെയും സഹിഷ്ണുതയെയും തകര്‍ത്ത് സമാധാനമില്ലാതാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നവരാണിത്തരം സാമൂഹ്യദ്രോഹികള്‍. വര്‍ഗീയ ചേരിതിരിവിനും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും ബോധപൂര്‍വം ശ്രമങ്ങളുണ്ടാകുന്നത് പകല്‍ പോലെ വ്യക്തമായിരിക്കുമ്പോള്‍ ഈ കെണിയില്‍ വീണു പോകാതിരിക്കാനും നേതൃത്വത്തെ തിരുത്താനുമുള്ള ജാഗ്രത കാണിക്കേണ്ടത് വിശ്വാസികളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Francis Jose writes about Sanghparivar Propaganda behind Christian Muslim conflict

ഫ്രാന്‍സിസ് ജോസ്

We use cookies to give you the best possible experience. Learn more