| Thursday, 3rd March 2016, 4:32 pm

ഫ്രാന്‍സിസ് ജോര്‍ജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കുന്നതായുള്ള വാര്‍ത്തകള്‍ക്ക് ബലമേകി  കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.

രാജിക്കത്ത് കൃഷി മന്ത്രി കെ.പി മോഹനന് അയച്ചു കൊടുത്തു. ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ സ്ഥാനം ആന്റണി രാജുവും ഒഴിയുമെന്ന് റിപ്പോര്‍ട്ട്.

ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടാവും. പിസി ജോസഫും, ആന്റണി രാജുവും, കെസി ജോസഫും പുതിയ പാര്‍ട്ടിയുടെ ഭാഗമാവും. പുതിയ പാര്‍ട്ടി ഇടതുമുന്നണിയുമായി പ്രവര്‍ത്തിക്കാനും ധാരണയിലെത്തിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് പിളരുന്നതിന് പിന്നില്‍ സീറ്റ് തര്‍ക്കം മാത്രമല്ലെന്നും പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടിവന്ന അവഗണനകളാണ് ദുഃഖകരമായ തീരുമാനത്തിന് പിന്നില്ലെന്നും ഉന്നതാധികാര സമിതി അംഗം ഡോ. കെ.സി. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പി.ജെ. ജോസഫ് മാനസികമായി തങ്ങള്‍ക്കൊപ്പമാണ്. പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനമെന്നും കെ.സി. ജോസഫ് പറഞ്ഞു.

അതേസമയം വിമതരുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി.

ഇപ്പോള്‍ നടക്കുന്നത് വിലപേശല്‍ തന്ത്രമാണെന്നും വിമതര്‍ കേരള കോണ്‍ഗ്രസ് വിട്ട് വരട്ടെ അപ്പോള്‍ ചര്‍ച്ച നടത്താമെന്നും കാനം പറഞ്ഞു.

യുഡിഎഫ് വിട്ടുവരുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്നും ഒരു മുന്നണി മടുക്കുമ്പോള്‍ വരാനുള്ള സ്ഥലമല്ല എല്‍ഡിഎഫെന്നും കാനം ഇന്നലെ വ്യക്തമാക്കിയിരുന്നു.

അഞ്ചുവര്‍ഷം ഭരണത്തിന്റെ പങ്കുപറ്റിയവരാണ് കേരള കോണ്‍ഗ്രസിലെ വിമതര്‍. അവര്‍ക്ക് സീറ്റ് നല്‍കാമെന്ന് സി.പി.ഐ.എം വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാനം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more