[]തൊടുപുഴ: ഇടുക്കിയില്‍ ജയിച്ചയാളെ മാറ്റിനിര്‍ത്തി തോറ്റയാളെ മത്സരിപ്പിക്കുന്നത് ധാര്‍മികമല്ലെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജിന്റെ മറുപടി.
ഇടുക്കിയില്‍ ആര് മത്സരിക്കണമെന്നുള്ളത് ജനകീയ വികാരമനുസരിച്ച് തീമാനിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇടുക്കിയില്‍ താന്‍ മത്സരിക്കണമെന്ന് പൊതു അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം എല്ലാവരും നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമില്ല.
ഇടുക്കി സീറ്റ് കിട്ടിയില്ലെങ്കില്‍ സൗഹൃദമത്സരം വേണമെന്ന് ആന്റണി രാജു പറഞ്ഞതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ സൗഹൃദ മത്സരം വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു.
സീറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞിരുന്നത്. ചര്‍ച്ചയ്ക്കു ശേഷം മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
പി.സി ജോര്‍ജിന് മറുപടി നല്‌കേണ്ടത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടുക്കി സീറ്റ് ചോദിക്കുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ കൂടിയായ പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്.
കഴിഞ്ഞ തവണ ഫ്രാന്‍സിസ് ജോര്‍ജ് തോറ്റ മണ്ഡലം വീണ്ടും ചോദിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയിച്ചയാളെ മാറ്റിനിര്‍ത്തി തോറ്റയാള്‍ മത്സരിക്കുന്നത് ശരിയല്ലെന്നും ജോര്‍ജ് പറഞ്ഞു.