| Wednesday, 23rd October 2013, 9:53 am

ഒറ്റുകാരന്‍ പി.സി ജോര്‍ജ്; അഞ്ചാംപത്തി വിശേഷണം ചേരുന്നത് അദ്ദേഹത്തിനെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: അഞ്ചാംപത്തിയെന്ന വിശേഷണം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ചേരുന്നത് പി.സി ജോര്‍ജിനാണെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്.

തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്തുന്ന മൂന്നാംതരം രാഷ്ട്രീയമാണ് ജോര്‍ജിന്റേത്. ഒറ്റുകാരനെന്ന് അര്‍ഥമുള്ള അഞ്ചാം പത്തിയെന്ന വിശേഷണം അദ്ദേഹത്തിനാണ് ചേരുകയെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ജോര്‍ജിന് ശുദ്ധമായ ഭാഷയില്‍ സംസാരിക്കാനറിയില്ല. അദ്ദേഹം അസഭ്യത്തിലും തെറിയിലും പുലഭ്യത്തിലുമാണ് ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്. അഞ്ചാംപത്തിയുടെ അര്‍ത്ഥം എന്തെന്ന് ജോര്‍ജിന് അറിയില്ല.

അതുകൊണ്ടാണ് തനിക്ക് ആ വിശേഷണം നല്‍കിയതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഡോക്ടറേറ്റെടുത്തിട്ടുള്ള ജോര്‍ജിനു ശുദ്ധമലയാളം അറിയില്ലാത്തതു കൊണ്ടാണ് തന്നെ അഞ്ചാംപത്തിയെന്ന് വിളിച്ചത്. മോശം പരസ്യ പ്രസ്താവനകളുമായി ജോര്‍ജിന് മുന്നോട്ടു പോകാനാകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

അതിരുകടന്ന പ്രസ്താവന പാടില്ലെന്ന് ജോര്‍ജിനോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും അച്ചടക്കം വേണം. പാര്‍ട്ടി ചെയര്‍മാന്‍ ജോര്‍ജിനെ പൊതുവികാരം അറിയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോര്‍ജ് സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ പാര്‍ട്ടി വേദിക്ക് പുറത്ത് പ്രതികരിക്കേണ്ടിവരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഇന്ന് നടക്കുന്ന കേരള കോണ്‍ഗ്രസ് എ ഉന്നതാധികാരസമിതി യോഗത്തില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി.സി. ജോര്‍ജിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം, ചെയര്‍മാന്‍ കെ.എം. മാണിക്ക് പരാതി നല്‍കും.

ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണിരാജു, ഡോ. കെ.സി. ജോസഫ് എന്നിവര്‍ കടുത്ത നടപടി വേണമെന്ന നിലപാടിലാണ്. എം.എല്‍.എമാരായ ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്.

വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ച ജോര്‍ജ് പിന്നീട് ഒരു നിയന്ത്രണവുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. തനിക്കെതിരെ പരാതി നല്‍കുന്നവര്‍ അഞ്ചാം പത്തികളാണെന്ന് ജോര്‍ജ് പറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്.

We use cookies to give you the best possible experience. Learn more