കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റ വിവാദത്തില്‍ കെ.എം മാണിക്കെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം അസംഭവ്യമാണ്. സി.പി.ഐയെ കുറ്റപ്പെടുത്താന്‍ മാണിക്കാവില്ല. കാരണം ബജറ്റ് വിറ്റെന്ന ആരോപണം മാണിക്കെതിരെയുണ്ട്. രണ്ടാമതൊരു പാര്‍ലമെന്റ് സീറ്റ് കൂടി കിട്ടുമായിരുന്ന അവസരത്തില്‍ അത് വേണ്ടെന്ന് വച്ചയാളാണ് കെ.എം മാണി. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ സീറ്റ് കച്ചവടമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വരുമെന്ന് കരുതി സി.പി.ഐ വിറളി പിടിച്ചിരിക്കുകയാണെന്ന് കെ.എം മാണിയും കഴിഞ്ഞ ദിവസം ജോയ് എബ്രഹാമും പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസ് എങ്ങോട്ടും വരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി. ഐ എഴുതാപ്പുറം വായിക്കുകയാണെന്നുമാണ് മാണി ഇന്ന് പ്രതികരിച്ചിരുന്നത്. കിട്ടിയ സീറ്റ് വില്‍പ്പനച്ചരക്കാക്കിയ സി.പി.ഐ യെപ്പോലുള്ള കളങ്കിത രാഷ്ട്രീയ കക്ഷികള്‍ തങ്ങള്‍ക്ക് സാരോപദേശം തരേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞിരുന്നു.