ഗോഡ്ഫാദര്‍ എന്ന ക്ലാസിക് ചിത്രം ലോകസിനിമക്ക് സമ്മാനിച്ച സംവിധായകനാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള. ഗ്യാങ്‌സ്റ്റര്‍ സിനിമ എന്ന ഴോണറിലെ തന്നെ നാഴികക്കല്ലുകളിലൊന്നായിരുന്നു 1975ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഗോഡ്ഫാദറിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്തത് കൊപ്പോളയായിരുന്നു. പിന്നീട് അപ്പോകാലിപ്‌സ് നൗ എന്ന ചിത്രവും സംവിധാനം ചെയ്ത ശേഷം തന്റെ സ്വപ്‌ന സിനിമ കൊപ്പോള പ്രഖ്യാപിച്ചു.
മെഗാലോപോളിസ് എന്ന് പേരിട്ട ചിത്രം 1979ലായിരുന്നു അനൗണ്‍സ് ചെയ്തത്. എന്നാല്‍ സാങ്കേതിക വിദ്യ അത്ര വളര്‍ന്നിട്ടില്ലാത്ത കാലമായതിനാല്‍ അനൗണ്‍സ്‌മെന്റിന് ശേഷം ആ പ്രൊജക്ടിനെപ്പറ്റി അധികം ചര്‍ച്ചകളുണ്ടായില്ല. 1984ല്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ആരംഭിച്ചു.
പല തവണ തിരുത്തിയെഴുതിയ ശേഷം 2002ലാണ് ഫൈനല്‍ ഡ്രാഫ്റ്റ് തയാറായത്. അതിന് ശേഷവും ചിത്രം നീണ്ടുപോയി. ആര്‍ട്ടിസ്റ്റുകളെും ക്രൂവിനെയും തെരഞ്ഞെടുത്ത് ഫൈനലൈസ് ചെയ്യാന്‍ 2021 ആകേണ്ടി വന്നു. ആരും നിര്‍മാണ ചുമതല ഏറ്റെടുക്കാത്തതിനാല്‍ കൊപ്പോള തന്നെ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. 125 മില്ല്യണ്‍(1000 കോടി) ആയിരുന്നു നിര്‍മാണ ചെലവ്.
2021ല്‍ ചിത്രീകരണം ആരംഭിച്ച മെഗാലോപോളിസില്‍ നിന്ന് പല ക്രൂ അംഗങ്ങളും പലപ്പോഴായി പിന്മാറി. ഈ സിനിമ എന്ന് തീരുമെന്ന് അറിയാത്തതിനാലാണ് എല്ലാവരും പിന്മാറിയത്. പ്രതിസന്ധികള്‍ക്കൊടുവില്‍ 2023ല്‍ ചിത്രീകരണം പൂര്‍ത്തിയായി. ഇതിനോടകം ചിത്രത്തിന്റെ വിതരണക്കാരും സിനിമയില്‍ നിന്ന് പിന്മാറി.
ഒടുവില്‍ ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന് ചിത്രം പ്രീമിയര്‍ ചെയ്യാനിരിക്കെ സിനിമയുടെ ഫസ്റ്റ് ക്ലിപ്പ് എന്ന രീതിയില്‍ ഒരു ചെറിയ ഭാഗം കൊപ്പോള പുറത്തുവിട്ടു. തന്റെ സ്വപ്‌ന സിനിമക്കായി കൂടെ നിന്ന ഭാര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ക്ലിപ്പ് പുറത്തുവിട്ടത്. 40 വര്‍ഷം പരിശ്രമിച്ചത് സാധാരണ സിനിമക്കല്ല എന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഫസ്റ്റ് ക്ലിപ്പ്.
Content Highlight: Francis Ford Coppola’s dream project taken by big production house after first clip release