അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പല തവണ ആഴ്‌സണല്‍ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് സാധിച്ചിരുന്നില്ലെന്നും ഫുട്‌ബോള്‍ സ്‌കൗട്ടും പരിശീലകനും മുന്‍ ഇംഗ്ലണ്ട് താരവമായ ഫ്രാന്‍സിസ് കഗിഗാവോ (Francis Cagigao).
മെസി ബാഴ്‌സലോണയുടെ യൂത്ത് ക്ലബ്ബില്‍ കളിക്കുമ്പോഴായിരുന്നു അതെന്നും അന്ന് അര്‍ജന്റീനയുടെ പ്രതിനിധിയായ ഹൊറാസിയോ ഗഗ്ഗിയോലിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും കഗിഗാവോ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ മെട്രോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മെസിയുടെ സാഹചര്യം അന്ന് അനുകൂലമായിരുന്നില്ല. അദ്ദേഹത്തിന് യു.കെയില്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റ് ലഭിച്ചില്ലായിരുന്നു. ഇതിനുവേണ്ടി ഹൊറാസിയോ ഗഗ്ഗിയോലിയുമായി ഞങ്ങള്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തി. പക്ഷെ അത് നടക്കാതെ പോവുകയായിരുന്നു,’ കഗിഗാവോ പറഞ്ഞു.
അതേസമയം മുന്‍ ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെയെയും ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് അതുനടക്കാതെ പോയതെന്നും പകരം സെസ്‌ക് ഫാബ്രിഗാസിനെ ടീമിലെത്തിക്കുകയുമായിരുന്നെന്നും കഗിഗാവോ പറഞ്ഞു.
‘ചില ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങള്‍ മൂലം പിക്വെയെ സൈന്‍ ചെയ്യിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവസാനം ബാഴ്‌സയെന്ന ആ വലിയ ടീമില്‍ നിന്നും ഫാബ്രിഗാസിനെ ഞങ്ങള്‍ സ്വന്തമാക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഫാബ്രിഗാസ് പിന്നീട് ആഴ്‌സണനിലെ മികച്ച താരമായി മാറുകയും ക്ലബ്ബിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡറായി പേരെടുക്കുകയുമായിരുന്നു. നിലവില്‍ സീരീ ബി ടീമായ കോമോക്ക് വേണ്ടി കളിക്കുന്ന ഫാബ്രിഗാസ് ആഴ്‌സണലിനായി 303 മത്സരങ്ങളില്‍ നിന്ന് 57 ഗോളും 95 അസിസ്റ്റും നേടിയിട്ടുണ്ട്.