| Sunday, 26th November 2023, 10:00 am

സീരി എയില്‍ ഇത് പുതു ചരിത്രം; നേട്ടത്തിലെത്തിയത് എ.സി മിലാന്റെ 15കാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സീരി എയില്‍ കഴിഞ്ഞ എ.സി മിലാന്‍ ഫിയോറന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എ.സി മിലാന്‍ യുവതാരം ഫ്രാന്‍സെസ്‌കോ കാമര്‍ഡ.

സീരി എയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ തരാമെന്ന നേട്ടമാണ് കാമര്‍ഡ സ്വന്തമാക്കിയത്. 15 വയസും എട്ട് മാസവും 23 ദിവസവുമാണ് കാമര്‍ഡോയുടെ പ്രായം. 2008 മാര്‍ച്ച് 10നാണ് താരം ജനിക്കുന്നത്.

ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് ബൊളോഗ്‌നയുടെ താരമായ വിസ്ഡം ആമി ആയിരുന്നു. വിസ്ഡം ആമിക്ക് അന്ന് 15 വയസും ഒമ്പത് മാസവും ഒരു ദിവസവുമാണ് പ്രായം ഉണ്ടായിരുന്നത്. ഇത് മറികടന്നുകൊണ്ടാണ് കാമര്‍ഡ പുതിയ ചരിത്രം കുറിച്ചത്.

ഇറ്റാലിയന്‍ യൂത്ത് ലീഗില്‍ ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകള്‍ നേടി മികച്ച പ്രകടനമാണ് കാമര്‍ഡ നേടിയത്.

എ.സി മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറൊയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ട് തിയോ ഹെര്‍ണാണ്ടസ് ആണ് മിലാന്റെ വിജയഗോള്‍ നേടിയത്.

മറുപടി ഗോളിനായി ഫിയോറെന്റീന മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എ.സി മിലാന്റെ പ്രതിരോധം പാറ പോലെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സ്വന്തം തട്ടകത്തില്‍ 1-0ത്തിന്റെ അവിസ്മരണീയ വിജയം എ.സി മിലാന്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് എ.സി മിലാന്‍.

ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ 29ന് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെയാണ് മിലാന്റെ അടുത്ത മത്സരം. ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ വെച്ചാണ് മത്സരം നടക്കുക.

Content Highlight: Francesco Camarda became the youngest player to play in a Serie A.

We use cookies to give you the best possible experience. Learn more