| Saturday, 7th September 2024, 3:37 pm

ഫ്രാന്‍സിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കും; നിയുക്ത ഫ്രഞ്ച് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ കുടിയേറ്റം അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി ഫ്രാന്‍സിന്റെ നിയുക്ത പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയ.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചില നയങ്ങളെ പ്രതിരോധിക്കുമെന്ന് പറഞ്ഞ ബാര്‍ണിയ കുടിയേറ്റ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ നിലപാട് കടുപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രധാനന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ അനുവദിച്ച ആദ്യ അഭിമുഖത്തിലാണ് ബാര്‍ണിയ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ സര്‍ക്കാരില്‍ ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയും അംഗമാണെന്ന് പറഞ്ഞ ബാര്‍ണിയ ഇടതുപക്ഷത്തിനും പുതിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്വാഗതം അറിയിച്ചിട്ടുണ്ട്.

‘നമ്മുടെ അതിര്‍ത്തികള്‍ ഇപ്പോഴും അരിപ്പകള്‍ ആണെന്ന ചിന്ത എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട്. ആ അരിപ്പയില്‍ ദ്വാരങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ കുടിയേറ്റം നിയന്ത്രണവിധേയമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എന്റെ ആശയങ്ങള്‍ക്ക് നാഷണല്‍ റാലിയുടെ ആശയങ്ങളുമായി വലിയ സാമ്യമില്ല. എന്നിരുന്നാലും ഞാന്‍ അവയെ ബഹുമാനിക്കുന്നുണ്ട്, ബാര്‍ണിയ പറഞ്ഞു.

മുമ്പും കുടിയേറ്റ വിരുദ്ധത പോലുള്ള തീവ്രവലതുപക്ഷ നിലപാട് സ്വീകരിച്ചിരുന്ന ബാര്‍ണിയ രാജ്യത്ത് കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പലപ്പോഴായി വാദിച്ചിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത ഫ്രഞ്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പദത്തില്‍ ഏറെ കാലം തുടരുക എന്നത് ബാര്‍ണിയയെ സംബന്ധിച്ച് വളറെ ബുദ്ധിമുട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

2022ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രാന്‍സില്‍ 87 ലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ഫ്രാന്‍സിന്റെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുമിത്. ഇവരില്‍ ഭൂരിഭാഗം പേരും ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരാണ്.

എന്നാല്‍ ബാര്‍ണിയയെ പ്രധാനമന്ത്രിയാക്കിയ മാക്രോണിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ഫ്രാന്‍സിലെ ഇടതുപക്ഷസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തെ തഴഞ്ഞ് വലതുപക്ഷ പ്രതിനിധിയെ പ്രധാനമന്ത്രിയാക്കിയതില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ബാര്‍ണിയക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും ഇടതുപക്ഷത്തിന്റെ പരിഗണനയിലുണ്ട്.

Content Highlight: France will restrict migration, says new prime minister

We use cookies to give you the best possible experience. Learn more