| Tuesday, 19th February 2019, 9:41 pm

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ നീക്കങ്ങള്‍ നടത്തി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ്. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യാരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാന്‍ ഫ്രാന്‍സ് മുന്‍കൈയ്യെടുത്തതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.


ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസറിനെതിരായ നീക്കത്തില്‍ രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാകുന്നത്. 2017ല്‍ ഫ്രാന്‍സിന്റേയും ബ്രിട്ടന്റേയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയാണ് അന്ന് നീക്കം തടഞ്ഞത്.

കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന വിഷയത്തിലുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന വ്യക്തമാക്കിയിരുന്നു. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കി.


തെളിവ് ചോദിക്കുന്നത് ഒഴിവു കഴിവ് പറയലാണെന്നും പാകിസ്താന്റെറ മറുപടിയില്‍ അതിശയമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ, പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. മസൂദ് അസ്ഹറുള്ളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more