എതിരാളികള്‍ ഇതുവരെ കുലുക്കാത്ത മൊറോക്കന്‍ വലയില്‍ പന്തെത്തിച്ചെത് ഒരു പ്രതിരോധ താരം
football news
എതിരാളികള്‍ ഇതുവരെ കുലുക്കാത്ത മൊറോക്കന്‍ വലയില്‍ പന്തെത്തിച്ചെത് ഒരു പ്രതിരോധ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th December 2022, 1:19 am

അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന മൊറോക്കൊക്കെതിരായ ലോകകപ്പ് സെമിയിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് മുന്നിട്ട് നില്‍ക്കുന്നത്.

ഫ്രാന്‍സിന്റെ പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസാണ് മൊറോക്കന്‍ പ്രതിരോധത്തെ കീഴ്പ്പെടുത്തി അഞ്ചാം മിനിട്ടില്‍ തന്നെ വല കുലുക്കിയത്. ഈ ലോകകപ്പില്‍ മൊറോക്കന്‍ പോസ്റ്റിലേക്ക് എതിരാളികള്‍ അടിച്ച ആദ്യ ഗോളാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കാനഡക്ക് മൊറോക്കൊക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും, അത് ഓണ്‍ ഗോളായിരുന്നു.

ഗ്രൗണ്ടിന്റെ വലതു ഭാഗത്തുനിന്ന് ഗ്രീസ്മാന്‍ ഒറ്റക്ക് കൊണ്ടുവന്ന പന്ത് ബോക്‌സിനുള്ളിലേക്ക് ഓടിയെത്തിയ എംബാപ്പെക്ക് നല്‍കി. എംബാപ്പെ ഉടന്‍ പോസ്റ്റിലേക്ക് ഷോട്ട് തുടുത്തെങ്കിലും മൊറോക്കന്‍ പ്രതിരോധത്തില്‍ തട്ടി റിഫ്‌ളക്ഷനായി. ഈ പന്ത് ഓടി വന്ന തിയോ ഹെര്‍ണാണ്ടസ് വലക്കുള്ളിലെത്തിക്കുകയായിരുന്നു.

ഈ ഗോളിന് ശേഷം നിരവധി ശ്രമങ്ങള്‍ മൊറോക്കന്‍ മുന്നേറ്റനിര നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. തുടര്‍ന്ന് 35ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ ജിറൗദിന് ലീഡ് ഉയര്‍ത്താന്‍ ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും പുറത്തേക്കടിക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളമായി ഫ്രാന്‍സ്

ഫ്രാന്‍സ് 4-2-3-1 ഫോര്‍മാറ്റിലും മൊറോക്കോ 5-4-1 ഫോര്‍മാറ്റിലുമാണ് ആദ്യ പകുതിയില്‍ ടീമിനെയിറക്കിയത്. ഫ്രാന്‍സില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. മൊറോക്കന്‍ പ്രതിരോധ താരം നായിഫ് അഗ്വേര്‍ഡ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ആദ്യ ഇലവന്‍

ടീം മൊറോക്കോ

യാസിന്‍ ബോണോ, അഷ്‌റഫ് ഹകീമി, അഗ്വേര്‍ഡ്, സായ്സ്, മസ്റൂഇ, ഔനാഹി, അംറബാത്, അല്‍ യാമിഖ്, സിയെച്ച്, അന്നസൈരി, ബൗഫാല്‍.

കോച്ച്: വലീദ് റെഗ്രാഗി

ടിം ഫ്രാന്‍സ്

ലോറിസ്, കൗണ്ടെ, വരാണെ, കൊനാട്ട, ഹെര്‍ണാണ്ടസ്, ഗ്രീസ്മാന്‍, ഷുവാമെനി, ഫൊഫാന, ഡംബലെ, എംബാപ്പെ, ജിറൗദ്.

കോച്ച്: ദെഷാംപ്‌സ്.