ലുക്കാകുവോ എംബാപ്പെയോ, ഇന്നറിയാം; ആദ്യസെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും നേര്‍ക്കുനേര്‍
2014 Foot Ball World Cup
ലുക്കാകുവോ എംബാപ്പെയോ, ഇന്നറിയാം; ആദ്യസെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും നേര്‍ക്കുനേര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th July 2018, 5:19 pm

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പിന്റെ സെമി പോരാട്ടത്തില്‍ ഇന്ന് യുറോപ്പിന്റെ കരുത്തന്മാരായ ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ കൊമ്പുകോര്‍ക്കും. കലാശപ്പോരിന് ആരെത്തും എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക പോരാട്ടത്തിന് ഇരു ടീമുകളും തന്ത്രങ്ങള്‍ മെനഞ്ഞു കഴിഞ്ഞു. രണ്ടാംകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രാന്‍സിനെ ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ബെല്‍ജിയമാണ് നേരിടുന്നത്. രാത്രി 11.30ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് മത്സരം.

ലുക്കാക്കു, ഹസാര്‍ഡ്, ഡി ബ്രുയിന്‍ എന്നിവരടങ്ങുന്ന മുന്നേറ്റനിരയാണ് ബെല്‍ജിയത്തിന്റെ കരുത്ത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് പരുങ്ങിയതൊഴിച്ചാല്‍ ആധികാരിക മുന്നേറ്റമായിരുന്നു അവരുടേത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെ കൂടി വീഴ്ത്തിയതോടെ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമായി ബെല്‍ജിയം മാറുകയായിരുന്നു.


Read Also : എന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് തന്നെ മുസ്‌ലീങ്ങളാണ്; അവരെ വേട്ടയാടുന്നത് വിഷമിപ്പിക്കുന്നെന്ന് തപ്‌സി പന്നു


 

മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ എടുത്തുപറയത്തക്ക പ്രകടനം കാഴ്ചവയ്ക്കാതിരുന്ന ഫ്രാന്‍സ്, പക്ഷെ നോക്കൌട്ടെത്തിയതോടെ നിറം മാറി. മെസ്സിയെയും സുവാരസിനെയുമെല്ലാം റഷ്യയില്‍ നിന്ന് മടക്കി അയച്ച ഫ്രഞ്ച് പട സമാനവിധിയാകും ലുക്കാക്കുവിനും കൂട്ടര്‍ക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

എംബാപ്പെയെയും ഗ്രീസ്മാനെയും പിടിച്ചുകെട്ടാന്‍ ബെല്‍ജിയത്തിനായില്ലെങ്കില്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാകും. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട പ്രതിരോധ താരം തോമസ് മ്യൂണിയര്‍ക്ക് ഇന്ന് കളിക്കാനാകാത്തത് ബെല്‍ജിയത്തിന് തിരിച്ചടിയായേക്കും. എതിരാളികള്‍ക്കനുസരിച്ച് തന്ത്രം മെനയുന്ന റോബര്‍ട്ടോ മാര്‍ട്ടിനസിന് മറുതന്ത്രമൊരുക്കാന്‍ ദിദിയര്‍ ദെഷാംപ്‌സിനാകുമോ എന്ന് കണ്ടറിയണം.

ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ വിജയം നേടിയത് ബെല്‍ജിയമായിരന്നു. നേര്‍ക്കുനേര്‍ വന്ന 73 മത്സരങ്ങളില്‍ മുപ്പതിലും വിജയം ബല്‍ജിയത്തിനൊപ്പമായിരന്നു. 24ല്‍ മാത്രമാണ് ഫ്രാന്‍സിന് ജയക്കാനായത്. 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് ലോകകപ്പില്‍ സെമിക്കപ്പുറം മുന്നേറാനായിട്ടില്ല. ചരിത്രം തിരുത്താനുള്ള അവസരം കൂടിയാണ് അവരുടെ സുവര്‍ണ തലമുറയുടേത്. ആ വരവ് തടുക്കാന്‍ ഫ്രാന്‍സിനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രണ്ടാം സെമിയില്‍ നാളെ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.