ജെറുസലേം: ഇറാൻ, ലെബനൻ, ഇസ്രഈൽ, പലസ്തീൻ എന്നീ സ്ഥലങ്ങളിലേക്ക് പൗരൻമാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ്. ഇസ്രഈലിനെതിരായ ഇറാന്റെ ആക്രമണ സാധ്യത കണക്കിലെടുത്താണ് തീരുമാനം. പൗരൻമാർ ഇസ്രഈലിൽ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനും രംഗത്തെത്തി.
സുരക്ഷാ വിഭാഗങ്ങളുമായി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തിടെ സിറിയൻ തലസ്ഥാന ദമസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പല ഘട്ടങ്ങളിലായി ഇസ്രഈലിന് മുന്നറിയിപ്പ് നൽകി ഇരാൻ രംഗത്തെത്തിയിരുന്നു.
ഇറാന്റെ ഭാഗത്ത് നിന്ന് ഒരു തിരിച്ചടി ഉണ്ടാകുമെന്ന് മനസിലാക്കിയാണ് ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനം. ഇറാൻ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായി അമേരിക്കയും ഇസ്രഈലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ആക്രണം നേരിടാൻ പൂർണമായും തയ്യാറാണെന്ന് ഇസ്രഈലും അറിയിച്ചിരുന്നു.
ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രഈൽ സൈനിക നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇത് കൂടെ കണക്കിലെടുത്താണ് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്.
Content Highlight: France urges no travel to Iran, Lebanon, Israel and Palestinian territories