ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് മാക്രോണ്‍; വിലക്ക് ചെറിയ തീവ്രവിഭാഗത്തില്‍ നിന്നു മാത്രമെന്ന് ഫ്രാന്‍സ്
World News
ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് മാക്രോണ്‍; വിലക്ക് ചെറിയ തീവ്രവിഭാഗത്തില്‍ നിന്നു മാത്രമെന്ന് ഫ്രാന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 10:33 am

പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സിനെതിരെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള നിരോധനാഹ്വാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം.

ഒപ്പം ഇത്തരം നിരോധനാഹ്വാനം ഈ രാജ്യങ്ങളിലെ ഒരു ചെറിയ വിഭാഗത്തില്‍ നിന്നുമാണെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതേസമയം വിദ്വേഷത്തിന് മുമ്പില്‍ ഒരിക്കലും ഫ്രാന്‍സ് അടിയറവ് പറയില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചത്.

‘ ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. സമാധാനത്തിന്റെ എല്ലാ വിശ്വാസങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗം ഞങ്ങള്‍ സ്വീകരിക്കുന്നില്ല. കാര്യമാത്ര പ്രസക്തമായ സംവാദത്തെ ഞങ്ങള്‍ സംരക്ഷിക്കും. ഞങ്ങള്‍ എല്ലായ്‌പ്പോഴും സാര്‍വത്രിക മാനുഷിക മൂല്യങ്ങളുടെ പക്ഷത്തായിരിക്കും, മാക്രോണ്‍ ട്വീറ്റ് ചെയ്തു.

അതേസമയം നിലവില്‍ സിറിയ, ലിബിയ, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. തുര്‍ക്കി, ജോര്‍ദ്ദാന്‍, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫ്രാന്‍സിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇമ്മാനുവേല്‍ മാക്രോണിന്റെ മനോനില പരിശോധിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ശനിയാഴ്ച അഭിപ്രായപ്പെട്ടത്.

‘ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തില്‍ പരിഗണിക്കുന്ന ഒരു അധികാരിയെക്കുറിച്ച് എന്താണ് പറയുക, ആദ്യം അദ്ദേഹത്തിന്‍രെ മനോനില പരിശോധിക്കണം,’ എര്‍ദൊഗാന്‍ പറഞ്ഞു.

മക്രോണ്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. ജോര്‍ദ്ദാന്‍ വിദേശകാര്യ മന്ത്രാലയവും പ്രവാചകന്റെ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സിനെ വിമര്‍ശിച്ചിട്ടുണ്ട്.

നിലവില്‍ ഖത്തറിലും കുവൈറ്റിലും ചില കമ്പനികള്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വാണിജ്യവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദോഹയിലെ അല്‍ മീര സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഫ്രാന്‍സില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫ്രാന്‍സ്-ഖത്തര്‍ സാംസ്‌കാരിക പരിപാടിയും ഒഴിവാക്കാനിടയുണ്ടെന്നാണ് സൂചന. കുവൈറ്റിലും നിരവധി സ്റ്റോറുകള്‍ ഫ്രാന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നുണ്ട്.

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ റാഡിക്കല്‍ ഇസ്ലാമിസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മാക്രോണ്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സമുവേല്‍ പാറ്റിയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കവെ മാക്രോണ്‍ നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടന്നതെന്നും അതൊരിക്കലും നടക്കില്ലെന്നുമാണ് മാക്രോണ്‍ പറഞ്ഞത്. ഒപ്പം ജനാധിപത്യത്തെയും മതേതരത്തത്തെയും ഭയക്കുന്ന ഭീരുക്കളാണ് സാമുവേല്‍ പാറ്റിയെ കൊലപ്പെടുത്തിയതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: France urges Arab nations to prevent boycotts